Wednesday, September 27, 2006

തീവണ്ടി വില്‍ക്കാനുണ്ടൊ ?... തീവണ്ടി....( അല്‍പ്പം സത്യം... സ്വല്‍പ്പം കഥ )

കുമാരന്‍ ജാപ്പനീസ് പഠിക്കുകയാണ്...അതിരാവിലെ എഴുന്നേറ്റ്, കുളിച്ച്, കുറിതൊട്ട്, കുമാരന്‍ ജാപ്പനീസ് പഠിത്തം തുടങ്ങി. കുമാരന്റെ ഈ പഠനം കൂടെ താമസ്സിക്കുന്നവര്‍ക്ക് ഒരു തലവേദനയായി. അതിരാവിലെയുള്ള കുമാരന്റെ ഈ വായിച്ചു പഠനം പലരുടെയും പുലര്‍ക്കാല സ്വപ്നങള്‍ക്ക് ഒരു ഭീഷണിയായി...പലപ്പോഴും കത്തക്കാനയും, ഹിരകാനയും കുമാരനെ നോക്കി പല്ലിളിച്ചു കാണിച്ചു..., കാഞ്ചിയുടെ പല ഒടിവുകളിലും തിരിവുകളിലും അവന്‍ ഉടക്കിനിന്നു...എന്നിട്ടും കുമാരന്‍ കുലുങ്ങിയില്ല...കാലം കടന്നു പോയി...സൂപ്പര്‍മാര്‍ക്കറ്റിലും, ടാക്സിയിലും, സ്റ്റേഷനിലുമൊക്കെ കുമാരന്‍ തന്റെ മുറിജാപ്പനീസ്സ് പ്രയോഗിച്ചു തുടങി, ജാപ്പനീസ് അറിയാത്ത മറ്റു സുഹ്രുത്തുക്കളെ കുമാരന്‍ സഹായിക്കാന്‍ തയ്യാറായി...പക്ഷെ,തലയില്‍ തേക്കുന്ന ഷാമ്പുവിനു പകരം, പട്ടിയെ കുളിപ്പിക്കുന്ന ഷാമ്പൂവും, തൈരിനു പകരം, പാലുമൊക്കെ കുമാരന്‍ തന്റെ ജാപ്പനീസ് പരിജ്ഞാനം വച്ച് വാങ്ങികൊടുത്തപ്പോള്‍, കൂട്ടുകാരും കുമാന്റെ സഹായം സ്നേഹപൂര്‍വ്വം നിഷേധിച്ചു...എന്നിട്ടും കുമാരന്‍ പിന്മാറിയില്ല...കുമാരന്‍ തന്റെ ജാപ്പനീസ് പ്രയോഗം തുടര്‍ന്നു...

ഇനി കുമാരന്റെ ജാപ്പനീസ് പ്രേമത്തിന്റെ പിന്നിലുള്ള കഥ കുമാരന്റെ തന്നെ വാക്കുകളില്‍....

മാസങ്ങള്‍ക്കു മുന്‍പ്, ഒരു തണുത്ത പ്രഭാതം, കുമാരന്‍ അതി വേഗം, റെയില്‍വേസ്റ്റേഷനിലേക്കു നടക്കുകയാണ്...ഇന്നെങ്കിലും ഒരാഴചത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ( കൈസുക്കാന്‍ ) വാങ്ങണം... “ നൊസ്സാക്കി മാതെ കൈസുക്കാന്‍ ഒനെഗാഷിമസ് “ ( ദയവായി, നൊസ്സാക്കി വരെയുള്ള ടിക്കറ്റു തരൂ ) കുമാരന്‍ ഒന്നുകൂടെ മനസ്സില്‍ പറഞ്ഞു നോക്കി, ഇല്ല തെറ്റിയിട്ടില്ല. കുമാരന്‍ വീണ്ടും, വീണ്ടും മനസ്സില്‍ പറഞ്ഞു...

“ നൊസ്സാക്കി മാതെ കൈസുക്കാന്‍ ഒനെഗാഷിമസ് “...
“ നൊസ്സാക്കി മാതെ കൈസുക്കാന്‍ ഒനെഗാഷിമസ് “...

തന്റെ ഈ അവസ്ഥ ഓര്‍ത്ത് കുമാരന്‍ മനസ്സില്‍ ചിരിച്ചു... മനുഷ്യന്റെ ഓരോരോ അവസ്ഥകളേ...

പണ്ടു ചെറുപ്പത്തില്‍ കടയില്‍ സാധനങള്‍ വാങ്ങാന്‍ പോയിരുന്നതോര്‍ത്തു...പലചരക്കു സാധനങ്ങളുടെ വില കടക്കാരനേക്കാള്‍ നന്നായി അറിയാവുന്ന അമ്മ കൃത്യം കാശുമാ‍യി കടയില്‍ വിടുന്നത് എന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ല, കണക്കു പറഞ്ഞു കാശ് ബാക്കിവാങ്ങിക്കാനുള്ള എന്റെ പ്രത്യ്യേക കഴിവുകാരണമായിരുന്നു...

മല്ലി ഒരു കിലോ....വെളിച്ചെണ്ണ ഇരുന്നൂറ്...കടുകമ്പത്....
മല്ലി ഒരു കിലോ....വെളിച്ചെണ്ണ ഇരുന്നൂറ്...കടുകമ്പത്....
മല്ലി ഒരു കിലോ....വെളിച്ചെണ്ണ ഇരുന്നൂറ്...കടുകമ്പത്....

ഇതിങ്ങനെ ഒരു താളത്തില്‍ പറഞ്ഞ് കടയില്‍ എത്തുമ്പോളായിരിക്കും... ആരെങ്കിലും കുശലം ചോദിക്കുക...” മോന്‍ സാധനം വാങ്ങാന്‍ വന്നതാണോ ? “ അതെ എന്ന് മറുപടി പറയുമ്പോഴേക്കും കടക്കാരന്‍ ചോദിക്കും..അവിടെ എന്താ വേണ്ടത് ? അപ്പോഴേക്കും താളം നഷ്ടപ്പെട്ടിരിക്കും...പിന്നെ ..കടുകൊരുകിലോ... മല്ലി ഇരുന്നൂറ്...വെളിച്ചെണ്ണ അമ്പത് എന്നോകെ പറഞ്ഞ് ആകെ നാശമാക്കും...അവസ്സാനം ഒന്നില്ലങ്കില്‍‍ കാശ് തികയാതെ വരും ..അല്ലങ്കില്‍ കാശ്കുറെ ബാക്കി വരും...

അങ്ങിനെ ഓരോന്നാലോചിച്ച് സ്റ്റേഷന്‍ എത്തി... ഏഴേമുപ്പതിനുള്ള ഷിന്‍ഗ്ഗാന്‍സെന്‍ ( ബുള്ളറ്റ് ട്രെയിന്‍ ) ടൊക്യൊ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു...ഒരു പ്രാവശ്യമെങ്കിലും ആ ശകടത്തില്‍ യാത്ര ചെയ്യണമെന്നു ഉറപ്പിച്ചു കൊണ്ടു കുമാരന്‍ ടിക്കറ്റ് കൌണ്ടറിലേക്കു നടന്നു...സ്വന്തമായി ആകെ അറിയാവുന്ന രണ്ടു ജാപ്പനീസ് വാക്കുകളില്‍ ഒന്നെടുത്തു കാച്ചി...ഒഹായൊ ഗൊസയ്മസ് ( സുപ്രഭാതം..) - കൌണ്ടറിലിരുന്ന അപ്പൂപ്പന്‍ ഫ്ലാറ്റ്... - ആദ്യത്തെ ജാപ്പനീസ് സക്സ്സസ്സ് ആയ ആവേശത്തില്‍ കുമാരന്‍ പേഴ്സ്സില്‍ നിന്നും കുറച്ചു നോട്ടുകള്‍ എടുത്തു കാട്ടി കാര്യം അവതരിപ്പിച്ചു... “ നൊസ്സാക്കി മാതെ ഷിന്‍ഗ്ഗാന്‍സെന്‍ ഒനെഗാഷിമസ് “- ഇപ്പോ അപ്പൂപ്പന്‍ ശരിക്കും ഫ്ലാറ്റ്...ജറിയുടെ അടികൊണ്ട ടോം നില്‍ക്കുന്ന പോലെ, കാശുവാങ്ങാനായി ഉയര്‍ത്തിയ കൈ വായുവില്‍ നിശ്ച്ചലമാക്കി അപ്പൂപ്പന്‍ കുമാരനേയും കയ്യിലിരുന്ന നോട്ടുകളിലേക്കും മാറി,മാറി നോക്കി... ഓ...ഇനി കാശു കുറഞ്ഞു പോയോ... വീണ്ടും പേഴ്സ്സില്‍ നിന്നും ഒരു നോട്ടു കൂടെ എടുത്തു കുമാരന്‍ വീണ്ടും പറഞ്ഞു... “ നൊസ്സാക്കി മാതെ ഷിന്‍ഗ്ഗാന്‍സെന്‍ ഒനെഗാഷിമസ് “. ഇപ്പോ അപ്പൂപ്പനെ കാണാനില്ല...കുമാരന്‍ കൌണ്ടറിലേക്കു മുകളിലൂടെ എത്തി നോക്കി...അപ്പൂപ്പനതാ തലക്കു കൈകൊടുത്ത് നിലത്തിരിക്കുന്നു...കൌണ്ടറിലെ പ്രശ്നങ്ങള്‍ ഒക്കെ കണ്ട് കൌണ്ടറിലുള്ള മറ്റൊരു ചേട്ടന്‍ കുമാരനോടു നല്ല പച്ച ആംഗലേയത്തില്‍ കാര്യം ചോദിച്ചു , കുമാരന്‍ ആംഗലേയത്തില്‍ കാര്യം പറഞ്ഞു ടിക്കറ്റും വാങ്ങി, അറിയാവുന്ന രണ്ടാമത്തെ ജാപ്പനീസും ,( അരിഗാത്തോ ഗൊസയ്മസ്സ് = നന്ദി ) പറഞ്ഞ് തന്റെ യാത്ര തുടര്‍ന്നു...

യാത്രയില്‍ മുഴുവന്‍ കുമാരന്‍ അപ്പൂപ്പന്റെ ബോധക്കേടിനെക്കുറിച്ചാലോചിച്ചു...കുമാരന്‍ വീണ്ടും പറഞ്ഞു നോക്കി...“ നൊസ്സാക്കി മാതെ ഷിന്‍ഗ്ഗാന്‍സെന്‍ ഒനെഗാഷിമസ് “,എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ... ഇതല്ലല്ലോ വീട്ടില്‍ന്നിന്നും ഇറങ്ങുമ്പോള്‍ സഹമുറിയന്‍ പറഞ്ഞു തന്നത്...കുമാരന്‍ ഒന്നുകൂടെ പറഞ്ഞു നോക്കി...“ നൊസ്സാക്കി മാതെ ഷിന്‍ഗ്ഗാന്‍സെന്‍ ഒനെഗാഷിമസ് “...ദൈവമേ...ഈ “ഷിന്‍ഗ്ഗാന്‍സെന്‍ ” ആരാ ഇവിടെ കൊണ്ടു വന്നു വെച്ചതു ...അപ്പോ വെറുതെയല്ല അപ്പൂപ്പന്റെ ബോധം പോയതു.... നൊസ്സാക്കി വരെയുള്ള ട്രെയിന്‍ ടിക്കറ്റിനുപകരം...വെറും രണ്ടായിരം യെന്‍ എടുത്തുകാട്ടി...നൊസ്സാക്കി വരെയുള്ള ബുള്ളറ്റ് ട്രെയിനാണല്ലോ ദൈവമേ.. ഞാന്‍ വിലപറഞ്ഞത്....രണ്ടായിരം യെന്നുമായി ട്രെയിന്‍ വാങ്ങാന്‍ വന്ന കുമാരനെ കണ്ടു അപ്പൂപ്പന്റെ ബോധം മാത്രം പോയതു ഭാഗ്യം...

അന്നു കുമാരന്‍ ഉറപ്പിച്ചു..ഇനി ജാപ്പനീസ് പഠിച്ചിട്ടേ ഒള്ളൂ കാര്യം....

ദിവസ്സങ്ങള്‍ ആഴ്ചകള്‍ക്കും, ആഴ്ചകള്‍ മാസ്സങ്ങള്‍ക്കും വഴിമാറി...ടീ ഷര്‍ട്ടുകള്‍ കട്ടി ജാക്കറ്റുകള്‍ക്കും വഴി മാറി ( അതായതു തണുപ്പുകാലം ആയി എന്നര്‍ത്ഥം ) നാട്ടില്‍ പോകുന്നതിന്റെ തലേദിവസ്സം, ഞാന്‍ കുമാരനെ വിളിച്ചു പറഞ്ഞു...കുമാരാ..എനിക്കു നാളെ വെളുപ്പിനു മൂന്നു മണിക്കു എയര്‍പ്പോര്‍ട്ടില്‍ പോകാന്‍ ഒരു ടാക്സി പറയണം... അപ്പോള്‍ ‍തന്നെ ഫോണെടുത്തു കുമാരന്‍ ടാക്സ്സി പറഞ്ഞു...ജാപ്പനീസ് അറിയാവുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായതില്‍ ഞാന്‍ സന്തോഷിച്ചു...ആ സന്തോഷം...രാത്രി ഒരു മണിക്കു മൂന്നു ടാക്സികള്‍ എന്റെ അപ്പാര്‍ട്ട്മെന്റിന്റെ പടിക്കല്‍ വന്ന് ഹോണ്‍ അടിക്കുന്നതു വരേ മാത്രമേ ഉണ്ടായിരുന്നൊള്ളൂ....ടാക്സികള്‍ക്കു മിനിമം ചാര്‍ജ് കൊടുത്തു പറഞ്ഞു വിടുമ്പോള്‍ ഞാന്‍ പല്ലു കടിച്ചു വിളിച്ചു..... കുമാരാ‍ാ‍ാ‍ാ‍ാ‍ാ...........

22 comments:

anwer said...

കുമാരന്‍ ജാപ്പനീസ് പഠിക്കുകയാണ്...അതിരാവിലെ എഴുന്നേറ്റ്, കുളിച്ച്, കുറിതൊട്ട്, കുമാരന്‍ ജാപ്പനീസ് പഠിത്തം തുടങ്ങി. കുമാരന്റെ ഈ പഠനം കൂടെ താമസ്സിക്കുന്നവര്‍ക്ക് ഒരു തലവേദനയായി. അതിരാവിലെയുള്ള കുമാരന്റെ ഈ വായിച്ചു പഠനം പലരുടെയും പുലര്‍ക്കാല സ്വപ്നങള്‍ക്ക് ഒരു ഭീഷണിയായി...പലപ്പോഴും കത്തക്കാനയും, ഹിരകാനയും കുമാരനെ നോക്കി പല്ലിളിച്ചു കാണിച്ചു..., കാഞ്ചിയുടെ പല ഒടിവുകളിലും തിരിവുകളിലും അവന്‍ ഉടക്കിനിന്നു...എന്നിട്ടും കുമാരന്‍ കുലുങ്ങിയില്ല...

കുമാരന്റെ ജാപ്പനീസ് പ്രേമത്തിന്റെ പിന്നിലെ കഥ...

ikkaas|ഇക്കാസ് said...

അന്‌വറേ, അടിപൊളി. രാത്രി ഒരു മണിക്ക് മൂന്ന് ടാക്സി വന്നതോര്‍ത്ത് ചിരി നിര്‍ത്താനാവുന്നില്ല.

Anonymous said...

സേവ്യറിന്റെയും,ഷിജുവിന്റെയും, പിന്നെ ലാലിന്റെയും ആത്മാവു നിന്നൊടു പൊറുക്കുമാറാകട്ടെ..:-)
കലക്കീട്ടോ..

ഒരു സ്വന്തം അനോണി

ഇത്തിരിവെട്ടം|Ithiri said...

അന്‍‌വറേ അസ്സലായി.

അഗ്രജന്‍ said...

ഹ ഹ ഹ ....

ജാപ്പനീസ് അറിയാവുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായതില്‍ ഞാന്‍ സന്തോഷിച്ചു...ആ സന്തോഷം...രാത്രി ഒരു മണിക്കു മൂന്നു ടാക്സികള്‍ എന്റെ അപ്പാര്‍ട്ട്മെന്റിന്റെ പടിക്കല്‍ വന്ന് ഹോണ്‍ അടിക്കുന്നതു വരേ മാത്രമേ ഉണ്ടായിരുന്നൊള്ളൂ....

അന്‍വറേ... സംഭവം കലക്കി.

ഇതിനെപ്പറ്റി കൂടുതല്‍ പറയാനായി മൈക്ക് ഞാന്‍ വക്കാരിക്ക് കൈമാറുന്നു :)

വക്കാരിമഷ്‌ടാ said...

അഗ്രജാ, മൈക്കിന്റെ അഗ്രം കിട്ടി, നന്ദി :)

അന്‍‌വറേ തകര്‍ത്തു. ഇങ്ങിനത്തെ എത്രയെത്ര അനുഭവങ്ങള്‍.

ഒരു ലവുണ്ടറി കടയില്‍ പോയി രണ്ട് കൊല്ലമായി നനയ്ക്കാത്ത തെര്‍മല്‍ വെയര്‍ അലക്കി വെളുപ്പിക്കാന്‍ കൊടുത്തപ്പോഴേ ഓര്‍ത്തു സംഗതി അലമ്പാവുമെന്ന്. രണ്ടാഴ്‌ച കഴിഞ്ഞ് വാങ്ങാന്‍ ചെന്നപ്പോള്‍ മുഖമൊന്നിങ്ങ് തിരിച്ചേ എന്ന രണ്ട് വാക്കിന് അഞ്ചുമിനിറ്റ് ജാപ്പനീസ് കേട്ട് വണ്ടറടിച്ച ബില്‍‌മുറെയണ്ണന്‍ സ്റ്റൈലില്‍ ഞാനും വണ്ടറടിച്ചു, കൌണ്ടര്‍ ലേഡിയുടെ അഞ്ച് മിനിറ്റ് ജാപ്പനീസ് കേട്ട്. ഞാന്‍ ലോസ്റ്റ് ഇന്‍ ട്രാന്‍‌സ്‌ലേഷനായി മനസ്സിലാക്കി “എഡ മോനേ, ഇത് നീ രണ്ട് മാസം കൂടുമ്പോള്‍ ഒന്നെങ്കിലും അലക്കിയിരുന്നെങ്കില്‍ ഇതിനീ ഗതി വരുമായിരുന്നോടാ ചെക്കാ, ഇതൊക്കെ ഇട്ട് ചൊറിഞ്ഞ് ചൊറിഞ്ഞ് നിന്റെ കൈയ്യൊക്കെ ഒരുമാതിരിയായിക്കാണുമല്ലോ ചെറുക്കാ” എന്നൊക്കെയായിരിക്കും അവര്‍ പറയുന്നതെന്ന്.

സുമിമസേന്‍ ഗോമന്നസ്സ്യായി അരിഗത്തോ ഒഹായിയോ തുടങ്ങിയ വാക്കുകളൊക്കെ പറഞ്ഞ് വിനയാന്വിതനായി ചിരിച്ച് മറിഞ്ഞപ്പോള്‍ അപ്പൂറത്ത് നിന്ന രണ്ടാം കൌണ്ടര്‍ ലേഡിക്ക് കാര്യം പിടികിട്ടി-എനിക്കൊന്നും മനസ്സിലായില്ലെന്ന്. സംഗതി ഒന്നുമില്ല, ഇതൊക്കെ നിങ്ങളുടെ വീട്ടിലെ വാഷിംഗ് മെഷീനില്‍ അലക്കാനുള്ളതേ ഉള്ളൂ, ഇവിടെ തന്ന് വെറുതെയെന്തിനാ കൈയ്യിലിരിക്കുന്ന യെന്ന് കളയുന്നതെന്നേ അവര്‍ അഞ്ച് മിനിറ്റുകൊണ്ട് പറഞ്ഞ് തീര്‍ത്തൊള്ളൂ.

തേന്മാവിന്‍ കൊമ്പത്തെ ലാലേട്ടന്‍ സ്റ്റൈലില്‍ രണ്ട് ചാള എന്ന് ടെക്‍നിക് പിടികിട്ടി പറഞ്ഞ് ച്യായ്‌യാ എന്ന് കേട്ടപ്പോള്‍ ചുണ്ടിട്ട് കാണിച്ച സ്റ്റൈലിലും കാണിച്ചിരിക്കുന്നു, ഇഷ്ടം പോലെ.

രാവിലെ മൂന്ന് ടാക്കുഷി വീടിനു മുന്നില്‍-അത് തകര്‍ത്തു.

ഇടിവാള്‍ said...

ആ അവസാനത്തെ ഒരു കീച്ചുണ്ടല്ലോ...
ഒരു മണിക്കു മൂന്നു ടാക്സി വന്നത് ! അതലക്കിപ്പൊളിച്ചു കേട്ടോ ! ഗംഭീരം /./

അളിയന്‍സ് said...

ഹ ഹ ഹ..... ഹയ്യോ....നല്ലോണം ചിരിച്ചു.
കുമാരന്റെ കഥകള്‍ ഇനിയും പോരട്ടെ.....

ദില്‍ബാസുരന്‍ said...

അന്വര്‍,
കലക്കി! രസിച്ചു വായിച്ചു.

(ഓടോ:ഈ കാഞ്ചി പൂഞ്ചേലമാല പഠിക്കാന്‍ ഭയങ്കര പ്രയാസമാണല്ലേ?)

പാര്‍വതി said...

അന്‍വറെ നല്ല അവതരണം..രസിച്ചിരിക്കുന്നു..കുമാരനും എല്ലാ ഭാവുകങ്ങളും,അന്‍വറിന് എനിയും കഥയ്ക്കു ചരട് ഉണ്ടാക്കി കൊടുക്കാന്‍.

:-)

-പാര്‍വതി

സു | Su said...

അന്‍‌വര്‍,

അടിപൊളി ആയിട്ടുണ്ട്ട്ടോ. ചിരിച്ച് ചിരിച്ച് മതിയായി.
“കുമാരന്‍ ഒന്നുകൂടെ പറഞ്ഞു നോക്കി...“ നൊസ്സാക്കി മാതെ ഷിന്‍ഗ്ഗാന്‍സെന്‍ ഒനെഗാഷിമസ് “...ദൈവമേ...ഈ “ഷിന്‍ഗ്ഗാന്‍സെന്‍ ” ആരാ ഇവിടെ കൊണ്ടു വന്നു വെച്ചതു ...”
ഹിഹിഹി. കുമാരന്‍ ഇക്കണക്കിന് പോയാല്‍ പലതും ഒപ്പിക്കുമല്ലോ.

താര said...

അന്‍വറേ, ഹഹഹ...അടിപൊളി...ഈ ജപ്പാന്‍ ന്ന് കേക്കുമ്പൊ ജഗതി ശ്രീകുമാറിനെയാ ഓര്‍മ്മ വരിക. അവിടത്തെ വേഷവും ഭാഷയും എന്നുവേണ്ട എന്തുകുന്തത്തിലും നമുക്ക് ചിരിക്കാനെന്തെങ്കിലുമുണ്ടാവും...ദിവസവും കോമഡിയല്ലേ..‍ചുമ്മാതല്ല ജപ്പാനില്‍പ്പോയവര്‍ക്കൊക്കെ ഇത്ര ഹ്യൂമര്‍സെന്‍സ്!:D

Kareem Maash said...

അന്‌വര്‍ ഇത്‌ അസ്സലായി.
ഞാനും പന്ടു കടയിലേക്കു പോകുമ്പോള്‍ വേന്ട സാധനങളുടെ ശ്ലോഗം ചെല്ലുമായിരുന്നു.
10 പൈസക്കു കടുക്, 10 പൈസക്കു ഉലുവ എന്നതു അവസാനം 10 പൈസക്കു കടുവ 10 പൈസക്കു ഉലുക്‌ എന്നു തെറ്റിപ്പറയുമ്പോള്‍ കടയിലുള്ളവര്‍ കൂട്ടച്ചിരിയാവും.

anwer said...

ഇക്കാസ്, ഇത്തിരി, അഗ്രജാ, അളിയന്‍സ്, ഇടിവാള്‍, “ അരിഗാത്തോ ഗൊസൈയ്മസ്സ്... അഥവാ നന്ദ്രി....“

അനോണി...എനിക്കാളെ മനസ്സിലായികെട്ടോ...ഒരു താങ്ക്സ്സുണ്ട്...അരികിലില്ല്ങ്കിലും...അകലത്തിരുന്നു ബ്ലൊഗ്ഗ് വായിക്കുന്നതിന്....

പിന്നെ വക്കാരി മാഷേ... യോക്കോഹാമയിലെ ആ വലിയ ഹാളിന്റെ മുന്നില്‍ നിന്ന് നമ്മള്‍ ജാപ്പനീസ് സംസാരിച്ച കാര്യം ഈ ബൂലോകത്ത് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല കെട്ടോ...

ദില്‍ബൂ... എനിക്കെല്ലാം കാഞ്ചിയാണു മാഷേ...(“ എല്ലാം കണക്കാണെന്നു പറയുന്ന പോലെ..”)... ടൊക്യോ ജങ്ഷനിലാണു താമസ്സം അല്ലേ.... ?

പാര്‍വ്വതി ചേച്ചി...ഇതൊക്കെ കുമാരന്റെ ജാപ്പനീസ് നമ്പറുകള്‍ മാത്രം...എയര്‍പ്പോര്‍ട്ടില്‍ വച്ച് എമ്പാര്‍ക്കേഷന്‍ കാര്‍ഡില്‍ സര്‍ നെയിമില്‍ “നാരായണന്‍ സാര്‍“ എന്നെഴുതിയവനാ ഈ കുമാരന്‍ ;).

സു ചേച്ചി, ചിരിച്ച് ചിരിച്ച് മതിയാക്കലേ...ഇനിയും ചിരിക്കു... ചിരി ആരോഗ്യത്തിനു നല്ലതാണ്ന്ന്...വിശാലന്‍ കഴിഞ്ഞ പ്രാവശ്ശ്യം കൂടെ കണ്ടപ്പോള്‍ പറഞ്ഞതാ...

താരേച്ചി... എല്ലാം കൂടി നല്ല കോമഡിയാ‍ണിവിടെ...അറിയാവുന്ന മുറി ഇംഗ്ലീഷില്‍ കയ്യൂം കലാശവും കാട്ടി സംസാരിക്കുന്ന ഒരു സാനെ ഞങ്ങള്‍ വിളിക്കുന്നത് “കലാമണ്ഡലം കിഹാരാ സാന്‍“ എന്നാണ്...

കരീം മാഷേ...10 പൈസക്കു കടുവയെ വാങ്ങാന്‍ പോയ മാഷിനു മുന്നില്‍ 2000 യെന്നിന്നു ബുള്ളറ്റ് ട്രയിന്‍ വാങ്ങാന്‍ പോയ കുമാന്‍ എത്രയോ ഭേതം...( തല്ലരുതു... ഞാന്‍ കുമാരനെ ഒന്നു സപ്പോര്‍ട്ട് ചെയ്തു സംസാരിച്ചതാണ്...)

അപ്പോ... ഇതു വരെ കുമാരന്റെ വിശേഷങ്ങള്‍ കേട്ട... 50 സന്ദര്‍ശ്ശകര്‍ക്കും...14 രാജ്യക്കാര്‍ക്കും...“ അരിഗാത്തോ ഗൊസൈയ്മസ്സ്... അഥവാ നന്ദ്രി....“

പപ്പുവിന്റെ ശബ്ദത്തില്‍ “ കുമാരാ ഇയ്യ് സുലൈമാനല്ലഡാ... ഹനുമാനാണ്... ”

Anoop G said...

anwer u r great!!!
More Kumaran stories needed!

Abid Areacode said...

അന്‍വര്‍ജീ....
കുമാരേട്ടനും കുമാരേട്ടന്റെ ടാപ്പനീസും പിന്നെ അന്‍വറിന്റെ ചെറുപ്പകാലവും അസ്സലായി....
അഭിനന്ദനങ്ങള്‍....!!!!

പീലു | Peelu said...

അന്‌വറെ, കഥ പെടച്ചു..

പക്ഷെ എന്റെ അറിവില്‍ ഈ കഥ മൂന്നു പേരുടെ കഥയാണ്‍... ശരിയല്ലെ?

ഞാന്‍ ഈ പോസ്റ്റ് നമ്മുടെ ഷിജുവിനു ഫോര്‍വേഡ് ചെയ്യിരുന്നു... അവനാണല്ലൊ ഒരു നായകന്‍!!

ഈ സന്ദര്‍ഭത്തില്‍ വേറൊരു അനുഭവ കഥ... ഞാന്‍ നമ്മുടെ കുമാരനെത്തന്നെ നായകനാക്കുന്നു എന്നോട് ക്ഷമിക്കുക!!

ഒരിക്കലെല്ലാവരും കൂടെ ചുമ്മാ ഒരു ജാപ്പനീസ് തെരുവിലൂടെ നടന്നുകൊണ്ടിരിക്കുകയാണു... അപ്പൊ നമ്മുടെ കത്തകാനയും ഹിരഗാനയും മാത്രം വയിക്കാനറിയുന്ന കുമാരനും ഉണ്ട് കൂടെ.

അപ്പോളാരോ ചോദിച്ചു...
“ടാ കുമാരാ എന്താടാ ആ എഴുതി വച്ചിരിക്കുന്നതു?“
ജാപ്പനീന്സു വായിക്കാന്‍ അവസരം കിട്ടിയ നമ്മുടെ കുമാരന്‍ ഒന്നു ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം വെറുതെ വിട്ടില്ല.

പക്ഷെ കുറെ നേരത്തെ പരിശ്രമത്തീനുശേഷം ഉദ്യമം സ്കൂട്ട് ചെയ്ത കുമാരന്‍ പറഞു..

“ടാ അതു കാഞ്ചിയാടാ അതു വായിക്കാന്‍ എനിക്കറിയില്ല!!”
പക്ഷെ കുമാരന്റെ കഷ്ടകാലത്തീനു കൂടെയുള്ളൊരുത്തനു നല്ലപോലെ ജാപ്പനീന്സ് അറിയാമായിരുന്നു. അവനത് വ്യക്തമായി വായിച്ച് അര്‍ഥം പറയുകയും കൂടാതെ അതു കഞ്ചിയല്ല, കത്തകാനയാണെന്ന സത്യം പുറത്ത് വിടുകയും ചെയ്തു.

അങനെ നമ്മുടെ കുമാരന്‍ അന്തസായി നാറി.

ഈയൊരു സംഭവത്തീനു ശേഷം എന്തെങ്കിലും അറിയാത്ത കാര്യങള്‍ പറയുമ്പോള്‍ “അതു കാഞ്ചിയാടാ എനിക്കറിയില്ല!!”എന്നൊരു പ്ര‌യോഗവും ഞങളുടെയിടയില്‍ നിലവില്‍ വന്നു.

സ്വന്തം പീലു...

Anonymous said...

നാസുവില്‍ ഇതിലും തകര്‍പ്പന്‍ പരിപാടികള്‍ നട്ന്നിട്ടുണ്ട്, വഴിയില്‍ എവിടെയോരു ബോര്‍ഡില്‍ ഒരു കാഞ്ചി എഴുതിവച്ചിരിക്കുന്നതു കണ്ട് ക്ലോക്കാണെന്നു കരുതി സമയം പറഞ്ഞ ടീംസ് ഉണ്ടായിരുന്നു..

പിന്നെ അന്നു യോക്കോഹാമയില്‍ വച്ചു എടുത്ത പടങ്ങള്‍ ചിത്രപേടകത്തില്‍ ഇടൂ..അന്നു അവിടെ വക്കാരിയാന വന്നിരുന്നു അല്ലേ..കണ്ട് കാണും..പക്ഷേ ആളെ അറിയില്ലല്ലൊ

പീലുവും അവിടന്നാണല്ലേ..കൊള്ളാം..

സ്വന്തം അനോണി...

krishnan said...

Anwere bhai kalakkii.. Iniyum poratteee ...

വികടന്‍ said...

അന്‍ വര്‍, കഥ കലക്കിയിരിക്കുന്നു. ഉച്ചയ്ക്ക്‌ ഒഹായൊ ഗൊസായ്മസ്സും രാവിലെ അരിഗാതൊ ഗൊസായ്മസ്സും കേട്ടു മടുത്ത അപ്പൂപ്പന്‍ നമ്മള്‍ പോകുന്ന വഴി വരാതായ കഥ ഇന്നും നാസുവിന്‌ അന്യം. കേട്ടതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കാത്തതായി അവശേഷിക്കുന്ന നാസുവിന്റെ കൂടുതല്‍ കഥകളുമായി വീണ്ടും പ്രത്യക്ഷപ്പെടൂ. അല്‍പ്പം വൈകിയാണെങ്കിലും ഞാനും എത്തിക്കോളാം. നാസുവിന്റെ കഥകള്‍ വായിക്കുമ്പോള്‍ ആ "നിഷി നാസു നോ ഏകി" യും "മൊമനാക്ക്‌ സന്‍ബാന്‍ സെന്‍ നി നൊബോരി ദെന്‍ഷാ ഗാ മയരിമസ്സും" ഒക്കെ മനസ്സിലേയ്ക്ക്‌ ഓടിയെത്തുന്നു. നാസു ഇന്നും ഒരു വാഗ്ദത്തഭൂമിയായി അവശേഷിക്കുന്ന മറ്റ്‌ പുലിക്കള്‍ നാസുവിലെ വിശേഷങ്ങള്‍ അറിയട്ടെ.

ഈയുള്ളവന്‍ said...

അന്‍‌വറേ ..
കുമാരന്‍ തകര്‍ത്തു .. കെട്ടോ ..
ഇനിയും പോരട്ടെ ..

ഇവിടെ വന്ന ആദ്യത്തെ കുറെക്കാലം ( ഞാനും വക്കാരിയുടേയും അന്‍‌വറിന്റേയും നാട്ടില്‍ തന്നെയാണേ ഇപ്പോഴുള്ളത് :) ) എനിക്കും ഇങ്ങിനെയുള്ള ഒന്നുരണ്ട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് . അതില്‍ ചിലത് ഇവിടെ പറയാം എന്നുതോന്നുന്നു ..

എന്റെ പോജെക്ട് മാനേജര്‍ ( മൂപ്പരുടെ പേര് “ദായിസുകെ” എന്നാണ് ‌)
ഞാന്‍ ഇവിടെ വന്ന അന്നുതന്നെ വന്ന് പരിചയപ്പെട്ടു. അതിനുശേഷം,
പലരും പലയിടത്തുവെച്ചും പലപ്പോഴും “ദായിസുകി ദേസ്” എന്നു പറയുമ്പോള്‍ ഞാനോര്‍ക്കാറുണ്ടായിരുന്നു - “ദൈവമേ .. ഈ ദായിസുകെ ഒരു പുലിയാണല്ല് !” എന്ന് . കുറെ കഴിഞ്ഞ് എപ്പൊഴോ ആരോ പറഞ്ഞുതന്നു - “ദായിസുകി ദേസ്” എന്നുവെച്ചാല്‍ ഒത്തിരി ഇഷ്‌ടം ആണ് എന്നാണെന്ന് ! ( “ദായി” = ഒത്തിരി,
“സുകി” = ഇഷ്‌ടം ).

അടുത്തത് കുറച്ചുകൂടി കടന്ന ഒരെണ്ണമാണ്. എന്റെ ടീമില്‍ തന്നെയുള്ള ഒരു ജപ്പു ( ജപ്പാനീസിന് ഇവിടെയുള്ള മലയാളികള്‍ ഇട്ട പേര് )വിന്റെ പേര് “ഇനോവേ” എന്നായിരുന്നു. കുറഞ്ഞ കാലം കൊണ്ടുതന്നെ മൂപ്പരുമായി ഞാന്‍ തരക്കേടില്ലാത്ത സൌഹൃദം ഉണ്ടാക്കിയെടുത്തു ( ഒരുവിധത്തില്‍ ! ). നമ്മള്‍ വിനോദിനെ “വിനു” എന്ന് വിളിക്കാറുള്ളതുപോലെ, ഇനോവേയെ ഞാന്‍ “ഇനു” എന്നു വിളിച്ചും തുടങ്ങി. പക്ഷേ, അപ്പോഴൊക്കെ കക്ഷി മുഖം ചുളിക്കുന്നത് എന്തിനാണെന്ന് എനിക്ക് ആദ്യം കത്തിയില്ല. ഒടുവില്‍ “ഇനു” എന്ന വാക്കിന്റെ അര്‍ഥം അറിഞ്ഞപ്പോള്‍ ചുളിഞ്ഞത് എന്റെ മുഖമായിരുന്നു. “ഇനു” എന്നു വെച്ചാ‍ല്‍ ജപ്പാനീസില്‍ “പട്ടി” എന്നാണത്രേ!

ഷിബു നായര്‍ said...

അടിപൊളി... ഇനിയും പോരട്ടെ..
12 മണിക്ക് എയര്‍പോര്‍ട്ടില്‍ പോകേണ്ടി വന്നിരുന്നെങ്കിലോ എന്നാ ഞാനാലോചിക്കുന്നേ..