Wednesday, September 27, 2006

തീവണ്ടി വില്‍ക്കാനുണ്ടൊ ?... തീവണ്ടി....( അല്‍പ്പം സത്യം... സ്വല്‍പ്പം കഥ )

കുമാരന്‍ ജാപ്പനീസ് പഠിക്കുകയാണ്...അതിരാവിലെ എഴുന്നേറ്റ്, കുളിച്ച്, കുറിതൊട്ട്, കുമാരന്‍ ജാപ്പനീസ് പഠിത്തം തുടങ്ങി. കുമാരന്റെ ഈ പഠനം കൂടെ താമസ്സിക്കുന്നവര്‍ക്ക് ഒരു തലവേദനയായി. അതിരാവിലെയുള്ള കുമാരന്റെ ഈ വായിച്ചു പഠനം പലരുടെയും പുലര്‍ക്കാല സ്വപ്നങള്‍ക്ക് ഒരു ഭീഷണിയായി...പലപ്പോഴും കത്തക്കാനയും, ഹിരകാനയും കുമാരനെ നോക്കി പല്ലിളിച്ചു കാണിച്ചു..., കാഞ്ചിയുടെ പല ഒടിവുകളിലും തിരിവുകളിലും അവന്‍ ഉടക്കിനിന്നു...എന്നിട്ടും കുമാരന്‍ കുലുങ്ങിയില്ല...കാലം കടന്നു പോയി...സൂപ്പര്‍മാര്‍ക്കറ്റിലും, ടാക്സിയിലും, സ്റ്റേഷനിലുമൊക്കെ കുമാരന്‍ തന്റെ മുറിജാപ്പനീസ്സ് പ്രയോഗിച്ചു തുടങി, ജാപ്പനീസ് അറിയാത്ത മറ്റു സുഹ്രുത്തുക്കളെ കുമാരന്‍ സഹായിക്കാന്‍ തയ്യാറായി...പക്ഷെ,തലയില്‍ തേക്കുന്ന ഷാമ്പുവിനു പകരം, പട്ടിയെ കുളിപ്പിക്കുന്ന ഷാമ്പൂവും, തൈരിനു പകരം, പാലുമൊക്കെ കുമാരന്‍ തന്റെ ജാപ്പനീസ് പരിജ്ഞാനം വച്ച് വാങ്ങികൊടുത്തപ്പോള്‍, കൂട്ടുകാരും കുമാന്റെ സഹായം സ്നേഹപൂര്‍വ്വം നിഷേധിച്ചു...എന്നിട്ടും കുമാരന്‍ പിന്മാറിയില്ല...കുമാരന്‍ തന്റെ ജാപ്പനീസ് പ്രയോഗം തുടര്‍ന്നു...

ഇനി കുമാരന്റെ ജാപ്പനീസ് പ്രേമത്തിന്റെ പിന്നിലുള്ള കഥ കുമാരന്റെ തന്നെ വാക്കുകളില്‍....

മാസങ്ങള്‍ക്കു മുന്‍പ്, ഒരു തണുത്ത പ്രഭാതം, കുമാരന്‍ അതി വേഗം, റെയില്‍വേസ്റ്റേഷനിലേക്കു നടക്കുകയാണ്...ഇന്നെങ്കിലും ഒരാഴചത്തേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ( കൈസുക്കാന്‍ ) വാങ്ങണം... “ നൊസ്സാക്കി മാതെ കൈസുക്കാന്‍ ഒനെഗാഷിമസ് “ ( ദയവായി, നൊസ്സാക്കി വരെയുള്ള ടിക്കറ്റു തരൂ ) കുമാരന്‍ ഒന്നുകൂടെ മനസ്സില്‍ പറഞ്ഞു നോക്കി, ഇല്ല തെറ്റിയിട്ടില്ല. കുമാരന്‍ വീണ്ടും, വീണ്ടും മനസ്സില്‍ പറഞ്ഞു...

“ നൊസ്സാക്കി മാതെ കൈസുക്കാന്‍ ഒനെഗാഷിമസ് “...
“ നൊസ്സാക്കി മാതെ കൈസുക്കാന്‍ ഒനെഗാഷിമസ് “...

തന്റെ ഈ അവസ്ഥ ഓര്‍ത്ത് കുമാരന്‍ മനസ്സില്‍ ചിരിച്ചു... മനുഷ്യന്റെ ഓരോരോ അവസ്ഥകളേ...

പണ്ടു ചെറുപ്പത്തില്‍ കടയില്‍ സാധനങള്‍ വാങ്ങാന്‍ പോയിരുന്നതോര്‍ത്തു...പലചരക്കു സാധനങ്ങളുടെ വില കടക്കാരനേക്കാള്‍ നന്നായി അറിയാവുന്ന അമ്മ കൃത്യം കാശുമാ‍യി കടയില്‍ വിടുന്നത് എന്നെ വിശ്വാസമില്ലാഞ്ഞിട്ടല്ല, കണക്കു പറഞ്ഞു കാശ് ബാക്കിവാങ്ങിക്കാനുള്ള എന്റെ പ്രത്യ്യേക കഴിവുകാരണമായിരുന്നു...

മല്ലി ഒരു കിലോ....വെളിച്ചെണ്ണ ഇരുന്നൂറ്...കടുകമ്പത്....
മല്ലി ഒരു കിലോ....വെളിച്ചെണ്ണ ഇരുന്നൂറ്...കടുകമ്പത്....
മല്ലി ഒരു കിലോ....വെളിച്ചെണ്ണ ഇരുന്നൂറ്...കടുകമ്പത്....

ഇതിങ്ങനെ ഒരു താളത്തില്‍ പറഞ്ഞ് കടയില്‍ എത്തുമ്പോളായിരിക്കും... ആരെങ്കിലും കുശലം ചോദിക്കുക...” മോന്‍ സാധനം വാങ്ങാന്‍ വന്നതാണോ ? “ അതെ എന്ന് മറുപടി പറയുമ്പോഴേക്കും കടക്കാരന്‍ ചോദിക്കും..അവിടെ എന്താ വേണ്ടത് ? അപ്പോഴേക്കും താളം നഷ്ടപ്പെട്ടിരിക്കും...പിന്നെ ..കടുകൊരുകിലോ... മല്ലി ഇരുന്നൂറ്...വെളിച്ചെണ്ണ അമ്പത് എന്നോകെ പറഞ്ഞ് ആകെ നാശമാക്കും...അവസ്സാനം ഒന്നില്ലങ്കില്‍‍ കാശ് തികയാതെ വരും ..അല്ലങ്കില്‍ കാശ്കുറെ ബാക്കി വരും...

അങ്ങിനെ ഓരോന്നാലോചിച്ച് സ്റ്റേഷന്‍ എത്തി... ഏഴേമുപ്പതിനുള്ള ഷിന്‍ഗ്ഗാന്‍സെന്‍ ( ബുള്ളറ്റ് ട്രെയിന്‍ ) ടൊക്യൊ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു...ഒരു പ്രാവശ്യമെങ്കിലും ആ ശകടത്തില്‍ യാത്ര ചെയ്യണമെന്നു ഉറപ്പിച്ചു കൊണ്ടു കുമാരന്‍ ടിക്കറ്റ് കൌണ്ടറിലേക്കു നടന്നു...സ്വന്തമായി ആകെ അറിയാവുന്ന രണ്ടു ജാപ്പനീസ് വാക്കുകളില്‍ ഒന്നെടുത്തു കാച്ചി...ഒഹായൊ ഗൊസയ്മസ് ( സുപ്രഭാതം..) - കൌണ്ടറിലിരുന്ന അപ്പൂപ്പന്‍ ഫ്ലാറ്റ്... - ആദ്യത്തെ ജാപ്പനീസ് സക്സ്സസ്സ് ആയ ആവേശത്തില്‍ കുമാരന്‍ പേഴ്സ്സില്‍ നിന്നും കുറച്ചു നോട്ടുകള്‍ എടുത്തു കാട്ടി കാര്യം അവതരിപ്പിച്ചു... “ നൊസ്സാക്കി മാതെ ഷിന്‍ഗ്ഗാന്‍സെന്‍ ഒനെഗാഷിമസ് “- ഇപ്പോ അപ്പൂപ്പന്‍ ശരിക്കും ഫ്ലാറ്റ്...ജറിയുടെ അടികൊണ്ട ടോം നില്‍ക്കുന്ന പോലെ, കാശുവാങ്ങാനായി ഉയര്‍ത്തിയ കൈ വായുവില്‍ നിശ്ച്ചലമാക്കി അപ്പൂപ്പന്‍ കുമാരനേയും കയ്യിലിരുന്ന നോട്ടുകളിലേക്കും മാറി,മാറി നോക്കി... ഓ...ഇനി കാശു കുറഞ്ഞു പോയോ... വീണ്ടും പേഴ്സ്സില്‍ നിന്നും ഒരു നോട്ടു കൂടെ എടുത്തു കുമാരന്‍ വീണ്ടും പറഞ്ഞു... “ നൊസ്സാക്കി മാതെ ഷിന്‍ഗ്ഗാന്‍സെന്‍ ഒനെഗാഷിമസ് “. ഇപ്പോ അപ്പൂപ്പനെ കാണാനില്ല...കുമാരന്‍ കൌണ്ടറിലേക്കു മുകളിലൂടെ എത്തി നോക്കി...അപ്പൂപ്പനതാ തലക്കു കൈകൊടുത്ത് നിലത്തിരിക്കുന്നു...കൌണ്ടറിലെ പ്രശ്നങ്ങള്‍ ഒക്കെ കണ്ട് കൌണ്ടറിലുള്ള മറ്റൊരു ചേട്ടന്‍ കുമാരനോടു നല്ല പച്ച ആംഗലേയത്തില്‍ കാര്യം ചോദിച്ചു , കുമാരന്‍ ആംഗലേയത്തില്‍ കാര്യം പറഞ്ഞു ടിക്കറ്റും വാങ്ങി, അറിയാവുന്ന രണ്ടാമത്തെ ജാപ്പനീസും ,( അരിഗാത്തോ ഗൊസയ്മസ്സ് = നന്ദി ) പറഞ്ഞ് തന്റെ യാത്ര തുടര്‍ന്നു...

യാത്രയില്‍ മുഴുവന്‍ കുമാരന്‍ അപ്പൂപ്പന്റെ ബോധക്കേടിനെക്കുറിച്ചാലോചിച്ചു...കുമാരന്‍ വീണ്ടും പറഞ്ഞു നോക്കി...“ നൊസ്സാക്കി മാതെ ഷിന്‍ഗ്ഗാന്‍സെന്‍ ഒനെഗാഷിമസ് “,എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ... ഇതല്ലല്ലോ വീട്ടില്‍ന്നിന്നും ഇറങ്ങുമ്പോള്‍ സഹമുറിയന്‍ പറഞ്ഞു തന്നത്...കുമാരന്‍ ഒന്നുകൂടെ പറഞ്ഞു നോക്കി...“ നൊസ്സാക്കി മാതെ ഷിന്‍ഗ്ഗാന്‍സെന്‍ ഒനെഗാഷിമസ് “...ദൈവമേ...ഈ “ഷിന്‍ഗ്ഗാന്‍സെന്‍ ” ആരാ ഇവിടെ കൊണ്ടു വന്നു വെച്ചതു ...അപ്പോ വെറുതെയല്ല അപ്പൂപ്പന്റെ ബോധം പോയതു.... നൊസ്സാക്കി വരെയുള്ള ട്രെയിന്‍ ടിക്കറ്റിനുപകരം...വെറും രണ്ടായിരം യെന്‍ എടുത്തുകാട്ടി...നൊസ്സാക്കി വരെയുള്ള ബുള്ളറ്റ് ട്രെയിനാണല്ലോ ദൈവമേ.. ഞാന്‍ വിലപറഞ്ഞത്....രണ്ടായിരം യെന്നുമായി ട്രെയിന്‍ വാങ്ങാന്‍ വന്ന കുമാരനെ കണ്ടു അപ്പൂപ്പന്റെ ബോധം മാത്രം പോയതു ഭാഗ്യം...

അന്നു കുമാരന്‍ ഉറപ്പിച്ചു..ഇനി ജാപ്പനീസ് പഠിച്ചിട്ടേ ഒള്ളൂ കാര്യം....

ദിവസ്സങ്ങള്‍ ആഴ്ചകള്‍ക്കും, ആഴ്ചകള്‍ മാസ്സങ്ങള്‍ക്കും വഴിമാറി...ടീ ഷര്‍ട്ടുകള്‍ കട്ടി ജാക്കറ്റുകള്‍ക്കും വഴി മാറി ( അതായതു തണുപ്പുകാലം ആയി എന്നര്‍ത്ഥം ) നാട്ടില്‍ പോകുന്നതിന്റെ തലേദിവസ്സം, ഞാന്‍ കുമാരനെ വിളിച്ചു പറഞ്ഞു...കുമാരാ..എനിക്കു നാളെ വെളുപ്പിനു മൂന്നു മണിക്കു എയര്‍പ്പോര്‍ട്ടില്‍ പോകാന്‍ ഒരു ടാക്സി പറയണം... അപ്പോള്‍ ‍തന്നെ ഫോണെടുത്തു കുമാരന്‍ ടാക്സ്സി പറഞ്ഞു...ജാപ്പനീസ് അറിയാവുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായതില്‍ ഞാന്‍ സന്തോഷിച്ചു...ആ സന്തോഷം...രാത്രി ഒരു മണിക്കു മൂന്നു ടാക്സികള്‍ എന്റെ അപ്പാര്‍ട്ട്മെന്റിന്റെ പടിക്കല്‍ വന്ന് ഹോണ്‍ അടിക്കുന്നതു വരേ മാത്രമേ ഉണ്ടായിരുന്നൊള്ളൂ....ടാക്സികള്‍ക്കു മിനിമം ചാര്‍ജ് കൊടുത്തു പറഞ്ഞു വിടുമ്പോള്‍ ഞാന്‍ പല്ലു കടിച്ചു വിളിച്ചു..... കുമാരാ‍ാ‍ാ‍ാ‍ാ‍ാ...........

Monday, September 25, 2006

ഓര്‍മ്മക്കുറിപ്പ്...

അവരോട് യാത്രപ്രറഞ്ഞിറങ്ങാന്‍ നേരം വിനുക്കുട്ടന്‍ എന്നോട് ചോദിച്ചു...
അങ്കിള്‍ ഇനി എന്നാണു വരിക ? ഇടറിയ സ്വരത്തില്‍ ഞാന്‍ അവനു
വാക്കുകൊടുത്തു, ഞാന്‍ വരാം, ഒരു ദിവസ്സം..എന്തായാലും ഞാന്‍ വരും...
വയ്യാത്ത കാലുമായി,എന്റെ കൈകളില്‍ അവന്റെ എല്ലാ ഭാരവും ഏല്‍പ്പിച്ച്
അവന്‍ എന്റെ കൂടെ വാതില്‍ക്കല്‍ വരെവന്നു...വിനുക്കുട്ടനും, അഭിയും...
എല്ലാവരും ചേര്‍ന്ന് റ്റാറ്റ പറഞ്ഞയക്കുമ്പോള്‍... നിറഞ്ഞ കണ്ണുകള്‍ ശ്രീകുമാര്‍
കാണാതെ തുടച്ചു...അതായിരുന്നു..എന്റെ ആദ്യത്തെ ബാല ഭവന്‍ സന്ദര്‍ശ്ശനം...

അന്നു ശ്രീകുമാര്‍ എടുത്ത വീഡിയൊ ഏകദേശം ഒരു കൊല്ലത്തോളം എന്റെ
കമ്പ്യൂട്ടറില്‍ കിടന്നു...ഇടക്കെന്നോ ശ്രീ അതു എഡിറ്റു ചെയ്യാന്‍ ഓര്‍മ്മിപ്പിച്ചു...
പക്ഷേ... അവരുടെ നിസ്സംഗതയോടുള്ള ആ നോട്ടം ... നിഷ്കളങ്കമായ ആ
ചിരി... എനിക്കു ഒരു മിനിട്ടു പോലും അതുനോക്കിയിരിക്കാന്‍
കഴിഞ്ഞിട്ടില്ല... ഒരു കുറ്റബോധം...ഇവര്‍ക്കു വേണ്ടി ഞാന്‍ എന്താണു
ചെയ്തത്... വെല്ലപ്പോഴും അവിടെ ചെല്ലുമ്പോള്‍ കൊണ്ടു പോകുന്ന
ഒരു കൂടു മിഠായിയൊ ? അതോ അവിടെ ചെന്നു അവരെ
കാണുമ്പോഴുണ്ടാകുന്ന ഒരുതരം അനുകമ്പയില്‍ പൊതിഞ്ഞ സ്നേഹമോ ?

പിന്നീടെന്നോ എഡിറ്റു ചെയ്ത ,ഈ വീഡിയൊ ഞാന്‍ വിനുക്കുട്ടനും ,
അഭിക്കും , അവരുടെ എല്ലാകൂട്ടുകാര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു.....



Wednesday, September 06, 2006

വേരുകള്‍ നഷ്ടപ്പെടുന്നവര്‍ ( ചെറുകഥ )

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം take off ചെയ്യുമ്പോള്‍ പ്രിയ മുകുന്ദന്റെ കയ്യില്‍ മുറുകെ പിടിച്ചു. വിമാനത്തിന്റെ സ്പീഡിനനുസരിച്ചു പ്രിയയുടെ കയ്ക്കള്‍ മുറുകുന്നത്‌ മുകുന്ദന്‍ അറിഞ്ഞു. അടുത്തിരുന്ന തമിള്‍ പെണ്‍കുട്ടി മുകുന്ദനെ നോക്കി ചിരിച്ചു. മുകുന്ദന്‍ തിരിച്ചു ചിരിച്ചില്ല. കണ്ണടച്ചിരുന്നു അര്‍ജുനന്‍, ഫല്‍ഗുനന്‍, ചൊല്ലുന്ന പ്രിയയോടു ഒരുപാടു വാല്‍സല്യം തോന്നി. ഒരു കൊച്ചു കുട്ടിയെ എന്നപോലെ അവളെ തന്നോടു ചേര്‍ത്തു പിടിച്ചു കൊണ്ടു മുകുന്ദന്‍ ജനലിലൂടെ പുറത്തേക്കു നോക്കി.ഇനി എന്നാണു ഒരു തിരിച്ചുവരവ്‌. ദൂരെ നഗരത്തിന്റെ മാറിലൂടെ തിരക്കു പിടിച്ചു ഓടുന്ന വാഹനങ്ങളുടെ head light ഒരു പൊട്ടു പോലെ കാണാം. മുത്തശ്ശി ഉറങ്ങിയിട്ടുണ്ടാകുമൊ ? ഇറങ്ങാന്‍ നേരം മുത്തശ്ശി കരഞ്ഞു,പ്രിയയും. യാത്ര പറയുമ്പോള്‍ മുത്തശ്ശി വിതുമ്പലോടെ പറഞ്ഞു, പ്രിയ മോളെ കണ്ടു കൊതി തീര്‍ന്നില്ല. വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രിയ മുത്തശ്ശിയുടെ പെറ്റ്‌ ആയി മാറിയിരുന്നു. Seat belt അഴിക്കാനുള്ള സിഗ്നല്‍ കിട്ടിയപ്പ്പ്പോള്‍,മുകുന്ദന്‍ seat belt അഴിച്ചു പ്രിയെ നോക്കി. belt അഴിക്കാതെ കണ്ണടച്ചിരുന്ന പ്രിയയൊടു അടുത്തിരുന്ന പെണ്‍കുട്ടി എന്തോ പറഞ്ഞു. ഒരു വിളറിയ പുഞ്ചിരിയോടെ മറുപടി പറയുമ്പോഴും, ആദ്യ യാത്രയുടെ പരിഭ്രമം അവളുടെ കണ്ണുകളില്‍ നിറഞ്ഞുനിന്നിരുന്നു... വീണ്ടും ഓര്‍മ്മകള്‍ താഴേക്കു പിടിച്ചു വലിച്ചു, ഇറങ്ങുമ്പോള്‍ മുത്തശ്ശി വീണ്ടും പറഞ്ഞു.. ഇനി ഞങ്ങള്‍ കൂടെ പോയാല്‍ ഇവിടെ ആരും ഇല്ല എന്നു കരുതി ഇങ്ങൊട്ടു വരാതിരിക്കരുത്‌.. ഈ നാടും, ഇതിന്റെ നന്മയും ലോകത്തു വേറെ ഒരിടത്തും ഉണ്ടാകില്ല.

കാറില്‍ വച്ച്‌ പ്രിയ പറഞ്ഞു, മുത്തശ്ശിയെ കൂടെ കൊണ്ടു പോകാമായിരുന്നു. അങ്ങിനെ ആലോചിക്കാതിരുന്നില്ല, പക്ഷെ ഏട്ടനു നിര്‍ബന്ധം, പുതിയ സ്ഥലത്തേക്കു പോകുമ്പൊള്‍ മുത്തശ്ശികൂടെ ഇല്ലങ്കില്‍ കുട്ടികള്‍ ഒറ്റക്കായിപോകുമത്രെ.. ശരിയാണ്‌, ഏട്ടത്തിയമ്മ മരിക്കുമ്പോള്‍ അമ്മുവിനു 5 ഉം അപ്പു വിനു 3 ഉം വയസ്സാണ്‌. അന്നുതൊട്ടു ഇന്നുവരെ അവരെ അമ്മയില്ലാത്ത വിഷമം അറിയിച്ചിട്ടില്ല മുത്തശ്ശി.ഏട്ടത്തിയമ്മ മരിച്ചിട്ടു ഇപ്പൊ എത്രയായി കാണും? 4 ഒ.. 5 ഒ..

bangaloreക്കു മാറ്റം കിട്ടിയപ്പോള്‍ ഏട്ടന്‍ ഫോണ്‍ ചെയ്തു... മൂന്നു നാലു വര്‍ഷം ശ്രമിച്ചിട്ടു കിട്ടിയ transfer ആണ്‌. കുട്ടികളുടെ പഠിത്തത്തിനും നല്ലതു അവിടെയാണ്‌. നിനക്കു നാടിനോടല്ലേ പ്രിയം, ഇവിടെ ഇപ്പോ ഒത്തിരി IT companyകള്‍ ഉണ്ടല്ലോ? ഇനി തറവാടു നിനക്കുള്ളതാണ്‌ കല്യണം കഴിഞ്ഞു വേണമെങ്കില്‍ ഇവിടെ താമസിക്കാം, അതല്ല നിനക്കു അവിടെ തന്നെ settle ചെയ്യണം എന്നാണെങ്കില്‍ ഇത്‌ വില്‍ക്കാം.വെറുതെ നശിപ്പിച്ചു കളയുന്നതു എന്തിനാ ? പിന്നെ, മുത്തശ്ശിയെ ഞാന്‍ bangaloreക്കു കൊണ്ടുപോകുന്നു. ഇവിടം ഇനി വയ്യ, ഇനി ഇങ്ങൊട്ടെക്കില്ല. ഏട്ടന്റെ വയ്യായ്ക എന്താണെന്നു മനസ്സിലായില്ല. എങ്കിലും ഒന്നും പറഞ്ഞില്ല.

പ്രിയയുടെ വിസ ശരിയാക്കി തിരിച്ചു വരുമ്പൊള്‍ ഏട്ടനോടു പറഞ്ഞു..ഏട്ടാ..തറവാടു വില്‍ക്കുന്ന കാര്യം ഇപ്പോ മുത്തശ്ശിയോട്‌ പറയെണ്ടാ.. ഏട്ടന്‍ ഒന്നു മൂളി..

മുകുന്ദേട്ടന്‍ ഉറങ്ങുകയാണൊ ?.. പ്രിയയാണ്‌.. ആദ്യ യാത്രയുടെ പരിഭ്രമം എല്ലാം മാറിയ പ്രിയ അടുത്തിരുന്ന പെണ്‍കുട്ടിയെ പരിചയപ്പെടുത്താന്‍ വേണ്ടി വിളിച്ചതാണ്‌.. ആ കുട്ടി ഭര്‍ത്താവിന്റെ അടുത്തേക്കു പോവുകയാണത്രേ.. ഇനി 6 മാസം അവിടെയാണ്‌.. എല്ലാവര്‍ഷവും 6 മാസം നാട്ടിലും ..6 മാസം singapore ഉം... പ്രിയ പറഞ്ഞു, കുറെനാള്‍ കഴിയുമ്പോള്‍ ഞാനും നാട്ടിലേക്കു പോകും.. പിന്നെ എന്നെ കാണണം എന്നു തോന്നുമ്പോള്‍ ഒന്നു വിളിച്ചാല്‍ മതി..അടുത്ത വിമാനത്തില്‍ ഇതു പോലെ ഞാന്‍ അങ്ങു എത്തിയേക്കാം...മറുപടി ഒന്നും പറയാതെ വെറുതെ ചിരിച്ചു.

ഡിന്നര്‍ കഴിഞ്ഞു. എല്ലാവരും ഉറക്കം പിടിച്ചു. എന്റെ ചുമലില്‍ ചാരി പ്രിയയും ഉറക്കമായി.. എന്തൊ ഉറക്കം വരുന്നില്ല... വെറുതെ window യിലൂടെ പുറത്തേക്കുനോക്കി ഇരുന്നു.. തെളിഞ്ഞ ആകാശത്തില്‍ അങ്ങിങ്ങായി ചില നക്ഷത്രങ്ങള്‍ മാത്രം. ഇടക്കിടക്കു മിന്നി കത്തുന്ന indication ലൈറ്റിന്റെ നീല വെളിച്ചത്തില്‍ ചില മേഘങ്ങള്‍. എന്നായിരുന്നു എന്റെ ആദ്യ വിമാന യാത്ര? ജോലികിട്ടി ആദ്യ posting Hyderabadല്‍ ആയിരുന്നു, ഇത്ര ദൂരം പോകാന്‍ ഏട്ടന്റെ സമ്മതം വാങ്ങിയതു ഏട്ടത്തിയമ്മയാണ്‌, മുത്തശ്ശിക്കു ഒന്നും പറയാനുണ്ടായിരുന്നില്ല. ട്രെയിന്‍ ടിക്കറ്റ്‌ reserve ചെയ്യാന്‍ പോയ ഏട്ടന്‍, flight ticketമായാണു വന്നത്‌. മുത്തശ്ശിയോടു പറയുന്നതു കേട്ടു, flightല്‍ ആകുമ്പോള്‍ രണ്ടു മൂന്നു ദിവസം കൂടി താമസ്സിച്ചു പോയാല്‍ മതിയല്ലൊ. അത്ര ദിവസ്സം കൂടി അവനു ഇവിടെ നില്‍ക്കാമല്ലൊ. ഇനി എന്നാണു എട്ടനെ കാണുക ? എന്തായാലും ഈ നാട്ടിലേക്കിനി ഒരു തിരിച്ചുവരവുണ്ടാകുമെന്നു തോന്നുന്നില്ല. ആരുണ്ടിനി അവിടെ? ആര്‍ക്കും വേണ്ടാത്ത തറവാടു മാത്രം....ഏട്ടന്റെ കല്യാണം ആയപ്പോള്‍ അച്ഛന്‍ തറവാടിനു കുറച്ചു മാറ്റങ്ങളൊക്കെ വരുത്തി. ആരൊക്കെയാണു അവിടെവച്ചു വിടപറഞ്ഞത്‌? മുത്തശ്ശന്‍, അച്ഛന്‍, അമ്മ, ഏട്ടത്തിയമ്മ. തറവാടിന്റെ ഉമ്മറത്തിരുന്നു അവരെല്ലാം ധൈന്യതയോടെ നോക്കുന്ന പോലെ തോന്നി. മോനേ.. ഞങ്ങളെ ഒക്കെ വിട്ടു പോവുകയാണൊ നീ. കണ്ണുകള്‍ ഇറുക്കി അടച്ചു.ഒന്നും മാഞ്ഞുപോകുന്നില്ല, കയ്യില്‍ ഒരു ചൂരലുമായി അച്ഛന്‍, അച്ഛന്റെ അടിയില്‍ നിന്നും എന്നെ രക്ഷിക്കാനായി അമ്മ, അച്ഛന്റെ വീശിയുള്ള അടിയില്‍ നിന്നും രഷപ്പെടാനായി ഞാന്‍ കുതറി മാറി, തല എവിടയൊ ഇടിച്ചു. മുഖത്തു നനവു പടരുന്നതു പോലെ തോന്നി,തൊട്ടുനോക്കിയപ്പോള്‍ ചോര, മുത്തശ്ശി ഓടി വരുന്നുണ്ടൊ? തല നല്ല വേദന, ഉറക്കെ വിളിച്ചു.. അമ്മേ...

ആരോ വിളിക്കുന്നു.. മുകുന്ദേട്ടാ.. മുകുന്ദേട്ടാ..കണ്ണുതുറന്നു, പ്രിയയാണ്‌.. എന്താ മുകുന്ദേട്ടാ..സ്വപ്നം കണ്ടോ? തൊണ്ട വരളുന്നു, തലക്കു നല്ല ഭാരം. ചുറ്റും നോക്കി, എല്ലാവരും നല്ല ഉറക്കം ആണ്‌.seatകള്‍ക്കിടയിലുള്ള separationഎടുത്തു മാറ്റി പ്രിയ ചേര്‍ന്നിരുന്നു,തോളില്‍ തലവച്ചു ചോദിച്ചു, നമുക്കു വരണ്ടായിരുന്നു അല്ലെ? എന്തു രസായിരുന്നു അവിടെ, മുത്തശ്ശി ..എട്ടന്‍.. അമ്മു....നമ്മള്‍ ഇനി അങ്ങൊട്ടു പോകില്ലെ മുകുന്ദേട്ടാ? അവളെ ചേര്‍ത്തു പിടിച്ചു.. ചെവിയില്‍ മന്ത്രിച്ചു.. ചില വേരുകള്‍ അങ്ങിനെ പെട്ടന്നു പറിച്ചെറിയാന്‍ പറ്റില്ല കുട്ടീ..

Airportല്‍ നിന്നും ഏട്ടനെ വിളിച്ചു ആദ്യം പറഞ്ഞതു തറവാടു വില്‍ക്കേണ്ട എന്നാണ്‌. ഏട്ടന്‍ പറഞ്ഞു,ശരിക്കും ആലോചിക്കുക. ഒരു പഷേ ഇപ്പോഴുള്ള വേദന ഒരു പറിച്ചുനടലിന്റേതാകാം. പിന്നീടൊരിക്കല്‍ ഈ തീരുമാനം തെറ്റായി പോയി എന്നു തോന്നരുത്‌. ഇപ്പോ പ്രിയയുടെ അച്ഛനും ഏട്ടനും ഒക്കെയുണ്ടല്ലോ അവിടെ, അവരോടു കൂടെ ആലോചിച്ചു തീരുമാനിക്കൂ. ഏട്ടന്‍ ഫോണ്‍ വച്ചു...

Cochin international airportല്‍ വിമാനം land ചെയ്യുമ്പോള്‍ അഞ്ചു വയസ്സുകാരി കല്ല്യാണി കൊഞ്ചി. അപ്പാ അമ്മയോടു പറ ഞാന്‍ window seatല്‍ ഇരിക്കാമെന്ന്. അഞ്ചു വയസ്സുകാരിയുടെ അതേ കൗതുകത്തോടെ പ്രിയ നാടുകാണുകയാണ്‌, ഒഴുകുന്ന പുഴയും, പച്ച പാടവും, എല്ലാം ആദ്യമായി കാണുന്നപോലെ.

തറവാട്ടിലേക്കുള്ള വഴിയിലേക്കു കാര്‍ തിരിയുമ്പോള്‍ ഓര്‍ത്തു, എട്ടു വര്‍ഷം, എട്ടു വര്‍ഷം കൊണ്ട്‌ എന്തൊക്കെ മാറ്റങ്ങള്‍, ഇതാണൊ എന്റെ നാട്‌ ? റോഡിനിരുവശവും വലിയ വലിയ flat കള്‍, ചീറിപ്പായുന്ന വാഹനങ്ങള്‍, super market കള്‍. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന് ഏട്ടന്‍ പറഞ്ഞു, നിന്റെ മനസ്സിലുള്ള നാടിന്റെ ചിത്രം ആകില്ല ഇത്‌, എല്ലാം ഒത്തിരി മാറി. നാടും, നാട്ടാരും. അല്ല, അവരൊടൊക്കെ മാറരുതെന്നു പറയാന്‍ നമുക്കും ഇല്ലല്ലൊ അവകാശം, നമ്മളും എത്രയോ മാറിയിരിക്കണു.

Tiles ഇട്ട തറവാടിന്റെ പടികള്‍ കയറുമ്പോ, കണ്ണുനിറഞ്ഞു, കാലുകള്‍ വിറച്ചു, ഒട്ടും പരിചയം ഇല്ലാത്ത ഒരു ലോകത്ത്‌ എത്തിയപോലെ. നിറഞ്ഞ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ വെറുതെ ജനലിലൂടെ ആകാശത്തേക്കു നോക്കി നിന്നു, അകത്തു കല്ല്യാണി cartoon network നു വേണ്ടി ടിവി ചാനലുകള്‍ മാറ്റികൊണ്ടിരുന്നു...

സ്നേഹപൂര്‍വ്വം...

Sunday, September 03, 2006

പനിനീര്‍ പൂവിന്റെ പ്രണയം...( ചെറുകഥ )

തോട്ടത്തിലെ പനിനീര്‍പൂവിന്‌ തോട്ടമുടമയുടെ മകനോട്‌ പ്രേമം.. ഒരു പൂവ്‌ ഒരു മനുഷ്യനെ പ്രേമിക്കുകയൊ ?.. മറ്റു പൂവുകള്‍ അവളെ കളിയാക്കി..എന്നാലും പനിനീര്‍പൂവ്‌ പിന്മാറിയില്ല..അവള്‍ അവനെ പ്രേമിച്ചു കൊണ്ടേയിരുന്നു..

എന്നും രാവിലെ തോട്ടമുടമയുടെ മകന്‍ അവന്റെ ജാലകം തുറക്കുമ്പൊള്‍ ആദ്യം കാണുന്നത്‌ ആ പനിനീര്‍ പൂവിനെയാണ്‌. അതുകൊണ്ട്‌ പനിനീര്‍പൂ ..ചെടിയോടു പറഞ്ഞ്‌ അതിന്റെ വാടിയതും ഉണങ്ങിയതുമായ എല്ലാ ഇലകളും പൊഴിച്ച്‌ , ചുവന്നു തുടുത്ത ഇതളുകള്‍ ഒന്നു കൂടെ ചുമപ്പിച്ച്‌ സുന്ദരിയായങ്ങിനെ നില്‍ക്കും..തോട്ടമുടമയുടെ മകന്‍ പനിനീര്‍പൂവിനെ നോക്കി പുഞ്ചിരിക്കും..അപ്പോള്‍ പനിനീര്‍ പുഷ്പ്പം നാണം കൊണ്ടു തലകുനിക്കും ..അതു കാണുമ്പൊള്‍ മറ്റുള്ളപൂക്കള്‍ അസൂയയോടെ പനിനീര്‍പൂവിനെ നോക്കിനില്‍ക്കും...

അങ്ങിനെ പ്രേമിച്ചു പ്രേമിച്ച്‌ ഇപ്പോള്‍ പനിനീര്‍പൂവിനു തോട്ടമുടമയുടെ മകനെ കാണാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ വയ്യ എന്നായി..പകല്‍ മുഴുവന്‍ അവള്‍ വിഷാദയായി ഗേറ്റിലേക്ക്‌ നോക്കി നില്‍ക്കും. സന്ധ്യയാകുമ്പോള്‍ അവള്‍ പ്രതീഷയോടെ, ഇതളുകള്‍ക്ക്‌ തിളക്കം കൂട്ടി, അവനെ കാത്തു നില്‍ക്കും..പക്ഷെ അവന്‍ അടുത്തു വരുമ്പോഴെല്ലാം അവള്‍ നാണത്തോടെ തലകുനിക്കുകയാണ്‌ പതിവ്‌.പനിനീര്‍ പൂവിന്റെ തൊട്ടടുത്തായി തോട്ടമുടമയുടെ മകനു ഒരു വായനാസ്ഥലം ഉണ്ട്‌..ദിവസ്സവും അവന്‍ അവിടെ വന്നിരുന്ന്‌ പുസ്തകം വായിക്കുകയൊ ..വെറുതെ ആകാശത്തേക്കു നോക്കിയിരിക്കുകയോ ചെയ്യും...അപ്പോഴെല്ലാം പനിനീര്‍ പൂവ്‌ അവനെ തന്നെ നോക്കിയിരിക്കും.അങ്ങിനെ എത്ര നേരം വേണമെങ്കിലും ഇരിക്കാന്‍ അവള്‍ക്കു ഇഷ്ടമാണ്‌..പഷെ അവള്‍ ഒരിക്കലും അവളുടെ ഇഷ്ടം അവനോടു പറഞ്ഞില്ല...അവന്‍ അടുത്തു വരുമ്പോഴെല്ലാം.. പനിനീര്‍പൂവ്‌ അവളുടെ കൊമ്പുകള്‍ ഒതുക്കി പിടിക്കും..അല്ലങ്കില്‍ അവളുടെ കൂര്‍ത്ത മുള്ളുകള്‍ അവന്റെ ശരീരത്തില്‍ കൊണ്ടാലൊ ? അവന്‌ നൊന്താലൊ ?

ഇന്നു പനിനീര്‍ പൂവിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസ്സമാണ്‌. ഇന്നു സന്ധ്യക്കാണ്‌ അതു സംഭവിച്ചത്‌ .. എന്നത്തേയും പോലെ തോട്ടമുടമയുടെ മകന്‍ ഇന്നും ഒരു പുസ്തകവുമായി അവളുടെ അടുത്തുവന്നിരുന്നു.. അന്ന് അവന്റെ മുഖം അസാധാരണമാം വിധം ചുവന്നു തുടുത്തിരുന്നു.. അവന്റെ കണ്ണുകളുടെ തിളക്കം പനിനീര്‍പൂവിനെ അത്ഭുതപ്പെടുത്തി.. ആ തിളക്കം കാണാനാകാതെ അവള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.. ആരോ തലോടുന്നതു പോലെ തോന്നിയപ്പൊള്‍ പനിനീര്‍ പൂ മെല്ലെ കണ്ണു തുറന്നു.. അപ്പോള്‍ അവന്‍ പറഞ്ഞു " പനിനീര്‍ പുഷ്പമേ ..നീയാണു ലോകത്തിലെ ഏറ്റവും സുന്ദരിയായ പുഷ്പ്പം . അതു പറഞ്ഞിട്ടു അവന്‍ പനിനീര്‍ പൂവിനെ ഒന്നു ചുംബിച്ചു..മറ്റുള്ള പൂവുകള്‍ നാണം കൊണ്ടു തലതലതാഴ്ത്തി. പനിനീര്‍ പൂ ഒന്നു പിടഞ്ഞു..അപ്പോള്‍ ഏതൊ ഒരു കൊമ്പിലെ ഒരു മുള്ള്‌ അവന്റെ കയ്യില്‍ തറഞ്ഞു കയറി.. അവന്‍ പെട്ടന്നു കൈ‌ വലിച്ചു..

ഇപ്പോള്‍ പനിനീര്‍ പൂവ്‌ അതി സുന്ദരിയാണ്‌..അവളുടെ ചുറ്റും ഒത്തിരി കരിവണ്ടുകള്‍ മൂളിപ്പറക്കുന്നുണ്ട്‌ ..പഷേ അവള്‍ ആരെയും ശ്രധിക്കാറില്ല..കാരണം ഇപ്പോള്‍ അവള്‍ പഴയതു പോലെ അല്ല..ഒരു കാമുകിയാണ്‌.. തോട്ടമുടമയുടെ മകന്റെ കാമുകി..

പഷേ രണ്ടു ദിവസ്സമായി പനിനീര്‍ പൂവ്‌ ആകെ വിഷാദ മൂകയാണു.. കാരണം..തോട്ടമുടമയുടെ മകന്‍ വിനോദയാത്രയില്‍ ആണ്‌..ഉണങ്ങിയതും പഴുത്തതുമായ ഇലകള്‍ അവള്‍ക്കു ഒരുപാടു പ്രായം തോന്നിപ്പിച്ചു..എങ്കിലും ചുവന്നു തുടുത്ത്‌ സുന്ദരിയായി തന്നെ അവള്‍ നിന്നു.. അവനെ കുറിച്ചു ഓര്‍ക്കുമ്പൊള്‍ എല്ലാം അവള്‍ക്കു കരച്ചില്‍ വരും..അങ്ങിനെ കരഞ്ഞ്‌ കരഞ്ഞു അവള്‍ ഉറങ്ങി പോയി.. ഒരു ബഹളം കേട്ടാണ്‌ അവള്‍ ഉറക്കം ഉണര്‍ന്നത്‌.. തോട്ടമുടമയുടെ വീട്ടില്‍ ഒരു ആള്‍ക്കൂട്ടം ..ആരൊക്കെയോ അടക്കിപിടിച്ചു കരയുന്നുണ്ട്‌.. ഇടക്കിടക്കു ഒരു തേങ്ങല്‍ കേള്‍ക്കാം.. ആരൊ പറയുന്നു.. വിനോദയാത്രക്കു പോയ 3 കുട്ടികള്‍ മരിച്ചത്രെ..വെള്ളച്ചാട്ടത്തിനടുത്ത്‌ കുളിക്കുകയായിരുന്നു..പെട്ടന്നു വെള്ളം പൊങ്ങി 2 പേര്‍ മുങ്ങിപോയി... ഈ കുട്ടി അവരെ രഷിക്കാന്‍ ശ്രമിച്ചതാണ്‌..പനിനീര്‍ പൂവിനു തന്റെ ഹൃദയം തകരുന്നതായി തോന്നി..അവള്‍ പൊട്ടിക്കരഞ്ഞു..മറ്റുള്ളപൂവുകള്‍ വിഷാദത്തോടെ അവളെ തന്നെ നോക്കി നിന്നു..

പനിനീര്‍ പൂവ്‌ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചു...

ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു..അനുശോചനം അറിയിക്കാന്‍ വന്ന ഏതോ ഒരു കുട്ടി..പനിനീര്‍പൂവിനെ തണ്ടോടെ വേര്‍പെടുത്തിയെടുത്തു ..എന്നിട്ട്‌ കൂട്ടുകാരന്റെ ഹൃദയത്തോട്‌ ചേര്‍ത്തുവച്ചു....അപ്പോള്‍ ആരോ പറഞ്ഞു..ആ പൂവിനു എന്തു നിറമാണ്‌..അപ്പോള്‍ പനിനീര്‍പ്പൂ പറഞ്ഞു..സുഹൃത്തേ ഇതു ഒരു പനിനീര്‍പൂവിന്റെ നിറമല്ല..അനശ്വര പ്രണയത്തിന്റെ നിറമാണ്‌..എന്റെ പ്രേമത്തിന്റെ നിറമാണ്‌..അതുകേട്ട്‌ തോട്ടത്തിലെ മറ്റു പൂവുകള്‍ കണ്ണുനീര്‍ തുടച്ചു...

സ്നേഹപൂര്‍വ്വം...

Friday, September 01, 2006

ഈ ജപ്പാന്‍കാരുടെ ഒരു കാര്യം...

സമയം ഒരു വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്‌..

സ്ഥലം ജപ്പാനിലെ ഒരു പ്രശസ്തമായ medical equipment പ്ലാന്റിന്റെ software development and testing lab..ഈ പ്ലാന്റിലാണ്‌ ലോകത്തിന്റെ പല ഭാഗത്തേക്കുമുള്ള ultrasound , MRI , CT Scanners ഉണ്ടാക്കുന്നത്‌.

സീന്‍ 1

Testing Lab , നാട്ടിലെ computer coatching classകളെ അനുസ്മരിപ്പിക്കുന്ന വിധം നീളത്തിലുള്ള tableകളിലായി ഒരു പത്ത്‌ നൂറു computer കള്‍ നിരത്തി വച്ചിരിക്കുന്നു..gap ഉള്ളിടത്തൊക്കെ ഓരോ ultrasound scannersഉം അവന്മാര്‍ വച്ചിട്ടുണ്ട്‌..(അതെന്താ സാധനം എന്നു മാത്രം ചോദിക്കരുത്‌ ഞാന്‍ പറയില്ല..എനിക്കു അറിയില്ല ..വേണമെങ്കില്‍ stress echo എന്താണെന്നു പറഞ്ഞ്‌തരാം..ഇനി അതെന്താണെന്നു അറിഞ്ഞേ മതിയാകൂ എന്നുണ്ടങ്കില്‍
ഇവിടെ നോക്കൂ..)

വെള്ളിയാഴ്ച ആയതു കൊണ്ടാണൊ എന്തൊ ..മിക്ക സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു..

camera നമ്മുടെ നായകന്റെ അടുത്തേക്കു പാന്‍ ചെയ്യട്ടെ ..നമ്മുടെ നായകന്‍ ( അദ്ദേഹം ഒരു മഹാ സംഭവം ആയിരിക്കും എന്നു പറയേണ്ടതില്ലല്ലൊ ..അതു കൊണ്ടാണല്ലോ അദ്ദേഹം നായകന്‍ ആയത്‌ ) ഒരു Ultra Sound machine ന്റെ തൊട്ടടുത്ത്‌ ഞാനിപ്പൊള്‍ എല്ലാം ശരിയാക്കിത്തരാം എന്ന മട്ടില്‍ ഒരു computer monitorല്‍ തലയിട്ടു എന്തൊ ചെയ്തു കൊണ്ടിരിക്കുന്നു.. നമുക്കു തോന്നും അദേഹം ഇപ്പ്പ്പോള്‍ ചെയ്യുന്ന പണി ഉടനെ ചെയ്തു തീര്‍ത്തില്ലങ്കില്‍ company യുടെ അടുത്ത release നടക്കില്ല എന്ന്..അത്രക്കും dedication ഉം concentrationഉം നമുക്ക്‌ അദ്ദേഹത്തിന്റെ മുഖത്തു കാണാം..

നായകനെ നമുക്കു "ഞാന്‍" എന്നു വിളിക്കാം.. അങ്ങിനെ ഞാന്‍ വളരെ താല്‍പര്യത്തോടെ എന്തൊ ചെയ്തു കൊണ്ടിരിക്കുന്നു... തൊട്ടടുത്ത്‌ ഒരു ജപ്പാന്‍കാരന്‍ ഒരു കെട്ടു കടലാസുമായി വന്നിരുന്ന് Ultra Sound scanner ല്‍ എന്തൊക്കെയൊ ചെയ്തു നോക്കുന്നു...ഞാന്‍ ആരെയും ശ്രദ്ധിക്കാതെ എന്റെ പണിനോക്കുന്നു... ജാപ്പനീസ്‌ ഭാഷയുടെ a,b,c,d അറിയാത്തതു കൊണ്ടൊ എന്തൊ ..ഞാന്‍ ആ ഗണത്തില്‍ പെട്ട ആരുമായും മുട്ടാന്‍ പോകാറില്ല..

അല്‍പ്പം ..ഫ്ലാഷ്ബാക്ക്‌..

vacation നു മുന്‍പാണ്‌ ..എന്റെ തന്നെ ടീമില്‍ പെട്ട ഒരു ജാപ്പനീസ്‌ ചേച്ചിയോടു ഞാന്‍ , "This 27 th am going to india for a vacation". അവര്‍ എന്നെ കണ്ണ്‍ മിഴിച്ചു നോക്കി.. എന്റെ അച്ചിപ്പ്പാറ അമ്മച്ചി.. പണി പാളിയൊ.. ഇവിടെ ഇനി vaction എന്നു പറയുന്നതു വല്ല ചീത്ത വാക്കും ആണോ ? അതൊ ..going എന്ന് പറയുന്നതാണൊ ചീത്ത വാക്ക്‌..ഇനി എന്തായാലും ഞാന്‍ പറഞ്ഞതു എന്താണെന്നു, പറഞ്ഞു മനസ്സിലാക്കി കൊടുത്തിട്ടു തന്നെ കാര്യം..ഞാന്‍ എന്റെ writting pad ല്‍ നിന്നും ഒരു കടലാസ്സു കീറി..ഒരു പാവക്ക കഷ്ണം പോലെ ജപ്പാന്‍ വരച്ചു.. പിന്നെ നെഞ്ചുവിരിച്ചു നില്‍ക്കുന്ന നമ്മുടെ പാവം india യും , പിന്നെ ജപ്പാനില്‍ നിന്നും india യിലേക്കു ഒരു ആരൊയും..സംഗതി ക്ലീന്‍ ..അവര്‍ക്കു കാര്യം മനസ്സിലായി.. അവര്‍ എനിക്കു ശുഭയാത്ര ആശംസിച്ചു..പിന്നെ എന്റെ കയ്യില്‍ നിന്നും ആ paper വാങ്ങി ..ഇന്ത്യക്കും ജപ്പാനും ഇടക്ക്‌ ഒരു dot ഇട്ടു. എന്നിട്ടു ജപ്പാനില്‍ നിന്നും ഒരു ആരൊ അങ്ങൊട്ടു വരച്ചു..കൂടെ ഒരു Question mark ഉം..പെട്ടല്ലോ.. എനിക്കു ഒന്നും മനസ്സിലായില്ല.. പിന്നെ ഒരു 5 മിനിട്ടു അതില്‍ ആയിരുന്നു Research ,അവസ്സാനം കാര്യം മനസ്സിലായി.. ജപ്പാനില്‍ നിന്നും direct flight ആണൊ എന്നാണു അവര്‍ ചോദിച്ചത്‌ ..അവര്‍ വരച്ച dot ല്‍ singapore എന്നു എഴുതി പ്രശ്നം ഞാന്‍ solve ചെയ്തു. (പിന്നെ.. അയ്യപ്പന്റെ അടുത്തല്ലെ അവരുടെ പുലികളി..).

അങ്ങിനെ ഓരോന്നു ആലൊചിച്ചിരിക്കുന്ന സമയത്താണു പിന്നില്‍ ഒരു ബഹളം.. Ultrasound machine ന്റെ ചുറ്റും കുറെ ജപ്പാന്‍കാര്‍ കൂടിനിന്ന് എന്തൊക്കെയൊ പറയുന്നു..എല്ല്ലാവരുടേയും മുഖത്തു അത്ഭുതം ..എനിക്കു ഒന്നും മനസ്സിലായില്ല.. അവരുടെ വായില്‍ നിന്നും വീഴുന്ന മുഴുത്ത ജാപ്പനീസുകള്‍ക്കിടയില്‍ ഒന്നു രണ്ടു english words ഞാന്‍ കണ്ടു പിടിച്ചു..Xp എന്നൊ..remote desktop എന്നോ ഒക്കെ ആരൊ പറയുന്നു..പെട്ടന്ന് ഒരു ഞെട്ടലൊടെ ഞാന്‍ എന്റെ വലതു കയ്യിലേക്കു നോക്കി..ഈശ്വരാ.. ഇതെങ്ങിനെ എന്റെ കയ്യില്‍ വന്നു,,ഇതു ആ Ultrasound machineന്റെ trackball അല്ലെ( ഇതു മൗസിനു പകരം ഉപയോഗിക്കാവുന്ന ഒരു സാധനം ആണു, കൂടുതല്‍ വിവരങ്ങള്‍ക്ക്‌
ഇവിടെ നോക്കൂ )..ഇതാരാ ഇവിടെ കൊണ്ടുവന്നു വച്ചതു.. ഇല്ല ആര്‍ക്കും ഒന്നും മനസ്സിലായിട്ടില്ല .ഞാന്‍ മെല്ലെ trackballല്‍ നിന്നും കയ്യെടുത്തു..ഒന്നും അറിയാത്ത പോലെ അതു എന്റെ കയ്യ്‌ എത്തുന്ന ദൂരത്തു നിന്നും മാറ്റി വച്ചു..

സംഭവിച്ചത്‌ ഇതാണ്‌..

ആ മഹാന്‍ അവിടെ ടെസ്റ്റ്‌ ചെയ്തു കൊണ്ടിരിക്കുമ്പൊള്‍ അതാ..മൗസ്‌ പോയിന്റര്‍ ചുമ്മാ അങ്ങൊട്ടും ഇങ്ങൊട്ടുമ്മൊക്കെ നീങ്ങുന്നു..അദേഹം മൗസ്‌ ഇങ്ങൊട്ടു നീക്കുമ്പൊള്‍ മൗസ്‌ അതാ അങ്ങൊട്ടു പോകുന്നു.. മൗസിന്റെ ഈ അനുസരണക്കേടാണു അവിടെ അത്രയും പ്രശ്നങ്ങള്‍ ഉണ്ടാക്കിയതു.. എന്റെ ചിന്തകള്‍ക്കിടയില്‍ ഞാന്‍ തന്നെയാണു മൗസിനു പകരം ഉപയോഗിക്കാവുന്ന trackballല്‍ പണിതു മൗസിനെ നിയന്ത്രിച്ചിരുന്നതെന്നു അവര്‍ അറിഞ്ഞില്ല.. final version machineകളില്‍ trackball ഉണ്ടാകില്ലാത്തതു കൊണ്ടും ആ സാധനം എന്റെ tableല്‍ ഇരുന്നിരുന്നതു കൊണ്ടും അത്‌ ആരും ശ്രദ്ധിച്ചില്ല.. തല്‍ക്ക്കാലം ഞാന്‍ രഷപെട്ടു..

പക്ഷെ....ശരിക്കും പെട്ടതു അവിടുത്തെ developers ആണു..

ആ മഹാന്‍, പ്രശ്നം ഒരു reproduce ചെയ്യാന്‍ പറ്റാത്ത issue ആയി report ചെയ്തു...അവരിപ്പോഴും അതിനെ കുറിച്ചു പഠിച്ചു കൊണ്ടിരിക്കുന്നു..

നമ്മളെ കൊണ്ടു ഇത്രയൊക്കെ അല്ലെ..പറ്റൂ...

സ്നേഹപൂര്‍വ്വം....

വാല്‍കഷ്ണം : പണ്ട്‌ ഒരു പ്രൊജക്ട്‌ മാനേജര്‍ നാട്ടിലേക്കു ഫോണില്‍ വിളിച്ചിട്ട്‌ ജപ്പാന്‍കാരെ കുറിച്ച്‌" എടെയ്‌.. ഈ മണ്ടന്മാര്‍ നമ്മളേക്കാള്‍ ബുദ്ധിമാന്മാര്‍ ആണടെയ്‌... "