Sunday, September 03, 2006

പനിനീര്‍ പൂവിന്റെ പ്രണയം...( ചെറുകഥ )

തോട്ടത്തിലെ പനിനീര്‍പൂവിന്‌ തോട്ടമുടമയുടെ മകനോട്‌ പ്രേമം.. ഒരു പൂവ്‌ ഒരു മനുഷ്യനെ പ്രേമിക്കുകയൊ ?.. മറ്റു പൂവുകള്‍ അവളെ കളിയാക്കി..എന്നാലും പനിനീര്‍പൂവ്‌ പിന്മാറിയില്ല..അവള്‍ അവനെ പ്രേമിച്ചു കൊണ്ടേയിരുന്നു..

എന്നും രാവിലെ തോട്ടമുടമയുടെ മകന്‍ അവന്റെ ജാലകം തുറക്കുമ്പൊള്‍ ആദ്യം കാണുന്നത്‌ ആ പനിനീര്‍ പൂവിനെയാണ്‌. അതുകൊണ്ട്‌ പനിനീര്‍പൂ ..ചെടിയോടു പറഞ്ഞ്‌ അതിന്റെ വാടിയതും ഉണങ്ങിയതുമായ എല്ലാ ഇലകളും പൊഴിച്ച്‌ , ചുവന്നു തുടുത്ത ഇതളുകള്‍ ഒന്നു കൂടെ ചുമപ്പിച്ച്‌ സുന്ദരിയായങ്ങിനെ നില്‍ക്കും..തോട്ടമുടമയുടെ മകന്‍ പനിനീര്‍പൂവിനെ നോക്കി പുഞ്ചിരിക്കും..അപ്പോള്‍ പനിനീര്‍ പുഷ്പ്പം നാണം കൊണ്ടു തലകുനിക്കും ..അതു കാണുമ്പൊള്‍ മറ്റുള്ളപൂക്കള്‍ അസൂയയോടെ പനിനീര്‍പൂവിനെ നോക്കിനില്‍ക്കും...

അങ്ങിനെ പ്രേമിച്ചു പ്രേമിച്ച്‌ ഇപ്പോള്‍ പനിനീര്‍പൂവിനു തോട്ടമുടമയുടെ മകനെ കാണാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ വയ്യ എന്നായി..പകല്‍ മുഴുവന്‍ അവള്‍ വിഷാദയായി ഗേറ്റിലേക്ക്‌ നോക്കി നില്‍ക്കും. സന്ധ്യയാകുമ്പോള്‍ അവള്‍ പ്രതീഷയോടെ, ഇതളുകള്‍ക്ക്‌ തിളക്കം കൂട്ടി, അവനെ കാത്തു നില്‍ക്കും..പക്ഷെ അവന്‍ അടുത്തു വരുമ്പോഴെല്ലാം അവള്‍ നാണത്തോടെ തലകുനിക്കുകയാണ്‌ പതിവ്‌.പനിനീര്‍ പൂവിന്റെ തൊട്ടടുത്തായി തോട്ടമുടമയുടെ മകനു ഒരു വായനാസ്ഥലം ഉണ്ട്‌..ദിവസ്സവും അവന്‍ അവിടെ വന്നിരുന്ന്‌ പുസ്തകം വായിക്കുകയൊ ..വെറുതെ ആകാശത്തേക്കു നോക്കിയിരിക്കുകയോ ചെയ്യും...അപ്പോഴെല്ലാം പനിനീര്‍ പൂവ്‌ അവനെ തന്നെ നോക്കിയിരിക്കും.അങ്ങിനെ എത്ര നേരം വേണമെങ്കിലും ഇരിക്കാന്‍ അവള്‍ക്കു ഇഷ്ടമാണ്‌..പഷെ അവള്‍ ഒരിക്കലും അവളുടെ ഇഷ്ടം അവനോടു പറഞ്ഞില്ല...അവന്‍ അടുത്തു വരുമ്പോഴെല്ലാം.. പനിനീര്‍പൂവ്‌ അവളുടെ കൊമ്പുകള്‍ ഒതുക്കി പിടിക്കും..അല്ലങ്കില്‍ അവളുടെ കൂര്‍ത്ത മുള്ളുകള്‍ അവന്റെ ശരീരത്തില്‍ കൊണ്ടാലൊ ? അവന്‌ നൊന്താലൊ ?

ഇന്നു പനിനീര്‍ പൂവിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസ്സമാണ്‌. ഇന്നു സന്ധ്യക്കാണ്‌ അതു സംഭവിച്ചത്‌ .. എന്നത്തേയും പോലെ തോട്ടമുടമയുടെ മകന്‍ ഇന്നും ഒരു പുസ്തകവുമായി അവളുടെ അടുത്തുവന്നിരുന്നു.. അന്ന് അവന്റെ മുഖം അസാധാരണമാം വിധം ചുവന്നു തുടുത്തിരുന്നു.. അവന്റെ കണ്ണുകളുടെ തിളക്കം പനിനീര്‍പൂവിനെ അത്ഭുതപ്പെടുത്തി.. ആ തിളക്കം കാണാനാകാതെ അവള്‍ കണ്ണുകള്‍ ഇറുക്കി അടച്ചു.. ആരോ തലോടുന്നതു പോലെ തോന്നിയപ്പൊള്‍ പനിനീര്‍ പൂ മെല്ലെ കണ്ണു തുറന്നു.. അപ്പോള്‍ അവന്‍ പറഞ്ഞു " പനിനീര്‍ പുഷ്പമേ ..നീയാണു ലോകത്തിലെ ഏറ്റവും സുന്ദരിയായ പുഷ്പ്പം . അതു പറഞ്ഞിട്ടു അവന്‍ പനിനീര്‍ പൂവിനെ ഒന്നു ചുംബിച്ചു..മറ്റുള്ള പൂവുകള്‍ നാണം കൊണ്ടു തലതലതാഴ്ത്തി. പനിനീര്‍ പൂ ഒന്നു പിടഞ്ഞു..അപ്പോള്‍ ഏതൊ ഒരു കൊമ്പിലെ ഒരു മുള്ള്‌ അവന്റെ കയ്യില്‍ തറഞ്ഞു കയറി.. അവന്‍ പെട്ടന്നു കൈ‌ വലിച്ചു..

ഇപ്പോള്‍ പനിനീര്‍ പൂവ്‌ അതി സുന്ദരിയാണ്‌..അവളുടെ ചുറ്റും ഒത്തിരി കരിവണ്ടുകള്‍ മൂളിപ്പറക്കുന്നുണ്ട്‌ ..പഷേ അവള്‍ ആരെയും ശ്രധിക്കാറില്ല..കാരണം ഇപ്പോള്‍ അവള്‍ പഴയതു പോലെ അല്ല..ഒരു കാമുകിയാണ്‌.. തോട്ടമുടമയുടെ മകന്റെ കാമുകി..

പഷേ രണ്ടു ദിവസ്സമായി പനിനീര്‍ പൂവ്‌ ആകെ വിഷാദ മൂകയാണു.. കാരണം..തോട്ടമുടമയുടെ മകന്‍ വിനോദയാത്രയില്‍ ആണ്‌..ഉണങ്ങിയതും പഴുത്തതുമായ ഇലകള്‍ അവള്‍ക്കു ഒരുപാടു പ്രായം തോന്നിപ്പിച്ചു..എങ്കിലും ചുവന്നു തുടുത്ത്‌ സുന്ദരിയായി തന്നെ അവള്‍ നിന്നു.. അവനെ കുറിച്ചു ഓര്‍ക്കുമ്പൊള്‍ എല്ലാം അവള്‍ക്കു കരച്ചില്‍ വരും..അങ്ങിനെ കരഞ്ഞ്‌ കരഞ്ഞു അവള്‍ ഉറങ്ങി പോയി.. ഒരു ബഹളം കേട്ടാണ്‌ അവള്‍ ഉറക്കം ഉണര്‍ന്നത്‌.. തോട്ടമുടമയുടെ വീട്ടില്‍ ഒരു ആള്‍ക്കൂട്ടം ..ആരൊക്കെയോ അടക്കിപിടിച്ചു കരയുന്നുണ്ട്‌.. ഇടക്കിടക്കു ഒരു തേങ്ങല്‍ കേള്‍ക്കാം.. ആരൊ പറയുന്നു.. വിനോദയാത്രക്കു പോയ 3 കുട്ടികള്‍ മരിച്ചത്രെ..വെള്ളച്ചാട്ടത്തിനടുത്ത്‌ കുളിക്കുകയായിരുന്നു..പെട്ടന്നു വെള്ളം പൊങ്ങി 2 പേര്‍ മുങ്ങിപോയി... ഈ കുട്ടി അവരെ രഷിക്കാന്‍ ശ്രമിച്ചതാണ്‌..പനിനീര്‍ പൂവിനു തന്റെ ഹൃദയം തകരുന്നതായി തോന്നി..അവള്‍ പൊട്ടിക്കരഞ്ഞു..മറ്റുള്ളപൂവുകള്‍ വിഷാദത്തോടെ അവളെ തന്നെ നോക്കി നിന്നു..

പനിനീര്‍ പൂവ്‌ ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചു...

ദൈവം അവളുടെ പ്രാര്‍ത്ഥന കേട്ടു..അനുശോചനം അറിയിക്കാന്‍ വന്ന ഏതോ ഒരു കുട്ടി..പനിനീര്‍പൂവിനെ തണ്ടോടെ വേര്‍പെടുത്തിയെടുത്തു ..എന്നിട്ട്‌ കൂട്ടുകാരന്റെ ഹൃദയത്തോട്‌ ചേര്‍ത്തുവച്ചു....അപ്പോള്‍ ആരോ പറഞ്ഞു..ആ പൂവിനു എന്തു നിറമാണ്‌..അപ്പോള്‍ പനിനീര്‍പ്പൂ പറഞ്ഞു..സുഹൃത്തേ ഇതു ഒരു പനിനീര്‍പൂവിന്റെ നിറമല്ല..അനശ്വര പ്രണയത്തിന്റെ നിറമാണ്‌..എന്റെ പ്രേമത്തിന്റെ നിറമാണ്‌..അതുകേട്ട്‌ തോട്ടത്തിലെ മറ്റു പൂവുകള്‍ കണ്ണുനീര്‍ തുടച്ചു...

സ്നേഹപൂര്‍വ്വം...

10 comments:

anwer said...

ഞാന്‍ മറ്റോരു സാഹസത്തിനു മുതിരുന്നു,, അവിവേകം ആണെങ്കില്‍ പൊറുക്കണം...:)...

റീനി said...

നല്ല കഥ. ഇനിയിപ്പോള്‍ പനിനിര്‍പ്പൂക്കളുള്ളപ്പോള്‍ ഞാന്‍ എന്റെ ഭര്‍ത്താവിനെ തോട്ടത്തിലേക്കു വിടൂല്ല.
പ്രേമത്തിനും പ്രണയത്തിനും ഒരേ നിറമോ? പ്രണയത്തിന്‌ അല്‌പ്പം നിറം കൂടില്ലേ?

ദിവസ്വപ്നം said...

നന്നായിരിക്കുന്നു


ആദ്യത്തെ അഞ്ചു പാരഗ്രാഫുകളാണ് ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. അഞ്ചും, പുതുമയോടെ എഴുതിയിരിക്കുന്നു.

ഒരു മാജിക്കല്‍ റിയലിസ്റ്റിക്... (അല്ലെങ്കില്‍ വേണ്ടാ, നല്ലൊരു പോസ്റ്റില്‍ ചളം അടിയ്ക്കുന്നില്ല)

ആശംസകള്‍ :)


ദിവാസ്വപ്നം & സൊലീറ്റയുടെ മമ്മി

വല്യമ്മായി said...

നല്ല കഥ.അവളുടെ പ്രേമം സത്യമായത് കൊണ്ടല്ലേ മരണത്തിലും അവര്‍ ഒന്നായത്

ഇത്തിരിവെട്ടം|Ithiri said...

ആദ്യപാരഗ്രഫ് വായിച്ചപ്പോള്‍ ഒ.വി വിജയന്റെ മധുരം ഗായതി പോലെ തോന്നി.. അതിലെ ആല്‍മരത്തെ പ്രണയിച്ച പെണ്‍ക്കുട്ടി.

ഇതു ഒരു പനിനീര്‍പൂവിന്റെ നിറമല്ല..അനശ്വര പ്രണയത്തിന്റെ നിറമാണ്‌... നല്ലവരികള്‍, നല്ല അവതരണവും. അന്‍ വറേ നന്നായിട്ടുണ്ട്.

റീനി said...
This comment has been removed by a blog administrator.
anwer said...

വല്ല്യമ്മായി പറഞ്ഞതാണു ശരി.. അവളുടെ പ്രേമം സത്യമായതു കൊണ്ടും അവള്‍ ഒരു പനിനീര്‍ പൂവായതു കൊണ്ടും.. അവര്‍ ഒന്നായി...

ഇത്തിരിവെട്ടം മധുരം ഗായത്രി ഞാന്‍ വായിച്ചിട്ടില്ല .. പക്ഷെ ഇപ്പോ വായിക്കണം എന്നു തോന്നുന്നു..ഇനി നാട്ടില്‍ നിന്നും ആരെങ്കിലും വരുന്നുണ്ടെങ്കില്‍ കൊടുത്തു വിടാന്‍ പറയണം..

റീനി ..ഇനി എന്തു പറയാന്‍.. വടികൊടുത്ത്‌ അടിവാങ്ങി.. ഒരു ആശ്വാസം മാത്രം.. ഈ കഥ ജീവിതാനുഭവങ്ങള്‍ ഉണ്ടാകുന്നതിനു മുന്‍പേ എഴുതിയതാണു..പിന്നെ ഒരു പ്രാവശ്യമ്മൊക്കെ അങ്ങിനെ അനുഭവങ്ങള്‍ ഒക്കെ ഉണ്ടായില്ലങ്കില്‍ പിന്നെ എന്തു ജീവിതം.. അറിയാത്ത പിള്ള ..അങ്ങിനെ ഒരു ചൊല്ലില്ലേ ......

വായിച്ചതിനു നന്ദി... അടുത്തത്‌ ഉടനേ ...

Jowins said...

ഈ കഥ വായിച്ചപ്പൊഴുണ്ടായ ആ സുഖം പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല.. നന്നായി എഴുതിയിരിക്കുന്നു..

പ്രതിഭാസം said...

അന്‍വറിക്കാ...
മനോഹരം. ആ പനിനീറ്പൂവൊരു ഭാഗ്യവതിയാ. മരണം പോലും അവരെ വേറ്പ്പെടുത്തിയില്ലാ. ചുമ്മാ. ഒരു കൊച്ചു സങ്കടം തോന്നി!!!

sekhar said...

കൊള്ളാം നല്ല കഥകള്‍...:)