Wednesday, September 06, 2006

വേരുകള്‍ നഷ്ടപ്പെടുന്നവര്‍ ( ചെറുകഥ )

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിമാനം take off ചെയ്യുമ്പോള്‍ പ്രിയ മുകുന്ദന്റെ കയ്യില്‍ മുറുകെ പിടിച്ചു. വിമാനത്തിന്റെ സ്പീഡിനനുസരിച്ചു പ്രിയയുടെ കയ്ക്കള്‍ മുറുകുന്നത്‌ മുകുന്ദന്‍ അറിഞ്ഞു. അടുത്തിരുന്ന തമിള്‍ പെണ്‍കുട്ടി മുകുന്ദനെ നോക്കി ചിരിച്ചു. മുകുന്ദന്‍ തിരിച്ചു ചിരിച്ചില്ല. കണ്ണടച്ചിരുന്നു അര്‍ജുനന്‍, ഫല്‍ഗുനന്‍, ചൊല്ലുന്ന പ്രിയയോടു ഒരുപാടു വാല്‍സല്യം തോന്നി. ഒരു കൊച്ചു കുട്ടിയെ എന്നപോലെ അവളെ തന്നോടു ചേര്‍ത്തു പിടിച്ചു കൊണ്ടു മുകുന്ദന്‍ ജനലിലൂടെ പുറത്തേക്കു നോക്കി.ഇനി എന്നാണു ഒരു തിരിച്ചുവരവ്‌. ദൂരെ നഗരത്തിന്റെ മാറിലൂടെ തിരക്കു പിടിച്ചു ഓടുന്ന വാഹനങ്ങളുടെ head light ഒരു പൊട്ടു പോലെ കാണാം. മുത്തശ്ശി ഉറങ്ങിയിട്ടുണ്ടാകുമൊ ? ഇറങ്ങാന്‍ നേരം മുത്തശ്ശി കരഞ്ഞു,പ്രിയയും. യാത്ര പറയുമ്പോള്‍ മുത്തശ്ശി വിതുമ്പലോടെ പറഞ്ഞു, പ്രിയ മോളെ കണ്ടു കൊതി തീര്‍ന്നില്ല. വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ തന്നെ പ്രിയ മുത്തശ്ശിയുടെ പെറ്റ്‌ ആയി മാറിയിരുന്നു. Seat belt അഴിക്കാനുള്ള സിഗ്നല്‍ കിട്ടിയപ്പ്പ്പോള്‍,മുകുന്ദന്‍ seat belt അഴിച്ചു പ്രിയെ നോക്കി. belt അഴിക്കാതെ കണ്ണടച്ചിരുന്ന പ്രിയയൊടു അടുത്തിരുന്ന പെണ്‍കുട്ടി എന്തോ പറഞ്ഞു. ഒരു വിളറിയ പുഞ്ചിരിയോടെ മറുപടി പറയുമ്പോഴും, ആദ്യ യാത്രയുടെ പരിഭ്രമം അവളുടെ കണ്ണുകളില്‍ നിറഞ്ഞുനിന്നിരുന്നു... വീണ്ടും ഓര്‍മ്മകള്‍ താഴേക്കു പിടിച്ചു വലിച്ചു, ഇറങ്ങുമ്പോള്‍ മുത്തശ്ശി വീണ്ടും പറഞ്ഞു.. ഇനി ഞങ്ങള്‍ കൂടെ പോയാല്‍ ഇവിടെ ആരും ഇല്ല എന്നു കരുതി ഇങ്ങൊട്ടു വരാതിരിക്കരുത്‌.. ഈ നാടും, ഇതിന്റെ നന്മയും ലോകത്തു വേറെ ഒരിടത്തും ഉണ്ടാകില്ല.

കാറില്‍ വച്ച്‌ പ്രിയ പറഞ്ഞു, മുത്തശ്ശിയെ കൂടെ കൊണ്ടു പോകാമായിരുന്നു. അങ്ങിനെ ആലോചിക്കാതിരുന്നില്ല, പക്ഷെ ഏട്ടനു നിര്‍ബന്ധം, പുതിയ സ്ഥലത്തേക്കു പോകുമ്പൊള്‍ മുത്തശ്ശികൂടെ ഇല്ലങ്കില്‍ കുട്ടികള്‍ ഒറ്റക്കായിപോകുമത്രെ.. ശരിയാണ്‌, ഏട്ടത്തിയമ്മ മരിക്കുമ്പോള്‍ അമ്മുവിനു 5 ഉം അപ്പു വിനു 3 ഉം വയസ്സാണ്‌. അന്നുതൊട്ടു ഇന്നുവരെ അവരെ അമ്മയില്ലാത്ത വിഷമം അറിയിച്ചിട്ടില്ല മുത്തശ്ശി.ഏട്ടത്തിയമ്മ മരിച്ചിട്ടു ഇപ്പൊ എത്രയായി കാണും? 4 ഒ.. 5 ഒ..

bangaloreക്കു മാറ്റം കിട്ടിയപ്പോള്‍ ഏട്ടന്‍ ഫോണ്‍ ചെയ്തു... മൂന്നു നാലു വര്‍ഷം ശ്രമിച്ചിട്ടു കിട്ടിയ transfer ആണ്‌. കുട്ടികളുടെ പഠിത്തത്തിനും നല്ലതു അവിടെയാണ്‌. നിനക്കു നാടിനോടല്ലേ പ്രിയം, ഇവിടെ ഇപ്പോ ഒത്തിരി IT companyകള്‍ ഉണ്ടല്ലോ? ഇനി തറവാടു നിനക്കുള്ളതാണ്‌ കല്യണം കഴിഞ്ഞു വേണമെങ്കില്‍ ഇവിടെ താമസിക്കാം, അതല്ല നിനക്കു അവിടെ തന്നെ settle ചെയ്യണം എന്നാണെങ്കില്‍ ഇത്‌ വില്‍ക്കാം.വെറുതെ നശിപ്പിച്ചു കളയുന്നതു എന്തിനാ ? പിന്നെ, മുത്തശ്ശിയെ ഞാന്‍ bangaloreക്കു കൊണ്ടുപോകുന്നു. ഇവിടം ഇനി വയ്യ, ഇനി ഇങ്ങൊട്ടെക്കില്ല. ഏട്ടന്റെ വയ്യായ്ക എന്താണെന്നു മനസ്സിലായില്ല. എങ്കിലും ഒന്നും പറഞ്ഞില്ല.

പ്രിയയുടെ വിസ ശരിയാക്കി തിരിച്ചു വരുമ്പൊള്‍ ഏട്ടനോടു പറഞ്ഞു..ഏട്ടാ..തറവാടു വില്‍ക്കുന്ന കാര്യം ഇപ്പോ മുത്തശ്ശിയോട്‌ പറയെണ്ടാ.. ഏട്ടന്‍ ഒന്നു മൂളി..

മുകുന്ദേട്ടന്‍ ഉറങ്ങുകയാണൊ ?.. പ്രിയയാണ്‌.. ആദ്യ യാത്രയുടെ പരിഭ്രമം എല്ലാം മാറിയ പ്രിയ അടുത്തിരുന്ന പെണ്‍കുട്ടിയെ പരിചയപ്പെടുത്താന്‍ വേണ്ടി വിളിച്ചതാണ്‌.. ആ കുട്ടി ഭര്‍ത്താവിന്റെ അടുത്തേക്കു പോവുകയാണത്രേ.. ഇനി 6 മാസം അവിടെയാണ്‌.. എല്ലാവര്‍ഷവും 6 മാസം നാട്ടിലും ..6 മാസം singapore ഉം... പ്രിയ പറഞ്ഞു, കുറെനാള്‍ കഴിയുമ്പോള്‍ ഞാനും നാട്ടിലേക്കു പോകും.. പിന്നെ എന്നെ കാണണം എന്നു തോന്നുമ്പോള്‍ ഒന്നു വിളിച്ചാല്‍ മതി..അടുത്ത വിമാനത്തില്‍ ഇതു പോലെ ഞാന്‍ അങ്ങു എത്തിയേക്കാം...മറുപടി ഒന്നും പറയാതെ വെറുതെ ചിരിച്ചു.

ഡിന്നര്‍ കഴിഞ്ഞു. എല്ലാവരും ഉറക്കം പിടിച്ചു. എന്റെ ചുമലില്‍ ചാരി പ്രിയയും ഉറക്കമായി.. എന്തൊ ഉറക്കം വരുന്നില്ല... വെറുതെ window യിലൂടെ പുറത്തേക്കുനോക്കി ഇരുന്നു.. തെളിഞ്ഞ ആകാശത്തില്‍ അങ്ങിങ്ങായി ചില നക്ഷത്രങ്ങള്‍ മാത്രം. ഇടക്കിടക്കു മിന്നി കത്തുന്ന indication ലൈറ്റിന്റെ നീല വെളിച്ചത്തില്‍ ചില മേഘങ്ങള്‍. എന്നായിരുന്നു എന്റെ ആദ്യ വിമാന യാത്ര? ജോലികിട്ടി ആദ്യ posting Hyderabadല്‍ ആയിരുന്നു, ഇത്ര ദൂരം പോകാന്‍ ഏട്ടന്റെ സമ്മതം വാങ്ങിയതു ഏട്ടത്തിയമ്മയാണ്‌, മുത്തശ്ശിക്കു ഒന്നും പറയാനുണ്ടായിരുന്നില്ല. ട്രെയിന്‍ ടിക്കറ്റ്‌ reserve ചെയ്യാന്‍ പോയ ഏട്ടന്‍, flight ticketമായാണു വന്നത്‌. മുത്തശ്ശിയോടു പറയുന്നതു കേട്ടു, flightല്‍ ആകുമ്പോള്‍ രണ്ടു മൂന്നു ദിവസം കൂടി താമസ്സിച്ചു പോയാല്‍ മതിയല്ലൊ. അത്ര ദിവസ്സം കൂടി അവനു ഇവിടെ നില്‍ക്കാമല്ലൊ. ഇനി എന്നാണു എട്ടനെ കാണുക ? എന്തായാലും ഈ നാട്ടിലേക്കിനി ഒരു തിരിച്ചുവരവുണ്ടാകുമെന്നു തോന്നുന്നില്ല. ആരുണ്ടിനി അവിടെ? ആര്‍ക്കും വേണ്ടാത്ത തറവാടു മാത്രം....ഏട്ടന്റെ കല്യാണം ആയപ്പോള്‍ അച്ഛന്‍ തറവാടിനു കുറച്ചു മാറ്റങ്ങളൊക്കെ വരുത്തി. ആരൊക്കെയാണു അവിടെവച്ചു വിടപറഞ്ഞത്‌? മുത്തശ്ശന്‍, അച്ഛന്‍, അമ്മ, ഏട്ടത്തിയമ്മ. തറവാടിന്റെ ഉമ്മറത്തിരുന്നു അവരെല്ലാം ധൈന്യതയോടെ നോക്കുന്ന പോലെ തോന്നി. മോനേ.. ഞങ്ങളെ ഒക്കെ വിട്ടു പോവുകയാണൊ നീ. കണ്ണുകള്‍ ഇറുക്കി അടച്ചു.ഒന്നും മാഞ്ഞുപോകുന്നില്ല, കയ്യില്‍ ഒരു ചൂരലുമായി അച്ഛന്‍, അച്ഛന്റെ അടിയില്‍ നിന്നും എന്നെ രക്ഷിക്കാനായി അമ്മ, അച്ഛന്റെ വീശിയുള്ള അടിയില്‍ നിന്നും രഷപ്പെടാനായി ഞാന്‍ കുതറി മാറി, തല എവിടയൊ ഇടിച്ചു. മുഖത്തു നനവു പടരുന്നതു പോലെ തോന്നി,തൊട്ടുനോക്കിയപ്പോള്‍ ചോര, മുത്തശ്ശി ഓടി വരുന്നുണ്ടൊ? തല നല്ല വേദന, ഉറക്കെ വിളിച്ചു.. അമ്മേ...

ആരോ വിളിക്കുന്നു.. മുകുന്ദേട്ടാ.. മുകുന്ദേട്ടാ..കണ്ണുതുറന്നു, പ്രിയയാണ്‌.. എന്താ മുകുന്ദേട്ടാ..സ്വപ്നം കണ്ടോ? തൊണ്ട വരളുന്നു, തലക്കു നല്ല ഭാരം. ചുറ്റും നോക്കി, എല്ലാവരും നല്ല ഉറക്കം ആണ്‌.seatകള്‍ക്കിടയിലുള്ള separationഎടുത്തു മാറ്റി പ്രിയ ചേര്‍ന്നിരുന്നു,തോളില്‍ തലവച്ചു ചോദിച്ചു, നമുക്കു വരണ്ടായിരുന്നു അല്ലെ? എന്തു രസായിരുന്നു അവിടെ, മുത്തശ്ശി ..എട്ടന്‍.. അമ്മു....നമ്മള്‍ ഇനി അങ്ങൊട്ടു പോകില്ലെ മുകുന്ദേട്ടാ? അവളെ ചേര്‍ത്തു പിടിച്ചു.. ചെവിയില്‍ മന്ത്രിച്ചു.. ചില വേരുകള്‍ അങ്ങിനെ പെട്ടന്നു പറിച്ചെറിയാന്‍ പറ്റില്ല കുട്ടീ..

Airportല്‍ നിന്നും ഏട്ടനെ വിളിച്ചു ആദ്യം പറഞ്ഞതു തറവാടു വില്‍ക്കേണ്ട എന്നാണ്‌. ഏട്ടന്‍ പറഞ്ഞു,ശരിക്കും ആലോചിക്കുക. ഒരു പഷേ ഇപ്പോഴുള്ള വേദന ഒരു പറിച്ചുനടലിന്റേതാകാം. പിന്നീടൊരിക്കല്‍ ഈ തീരുമാനം തെറ്റായി പോയി എന്നു തോന്നരുത്‌. ഇപ്പോ പ്രിയയുടെ അച്ഛനും ഏട്ടനും ഒക്കെയുണ്ടല്ലോ അവിടെ, അവരോടു കൂടെ ആലോചിച്ചു തീരുമാനിക്കൂ. ഏട്ടന്‍ ഫോണ്‍ വച്ചു...

Cochin international airportല്‍ വിമാനം land ചെയ്യുമ്പോള്‍ അഞ്ചു വയസ്സുകാരി കല്ല്യാണി കൊഞ്ചി. അപ്പാ അമ്മയോടു പറ ഞാന്‍ window seatല്‍ ഇരിക്കാമെന്ന്. അഞ്ചു വയസ്സുകാരിയുടെ അതേ കൗതുകത്തോടെ പ്രിയ നാടുകാണുകയാണ്‌, ഒഴുകുന്ന പുഴയും, പച്ച പാടവും, എല്ലാം ആദ്യമായി കാണുന്നപോലെ.

തറവാട്ടിലേക്കുള്ള വഴിയിലേക്കു കാര്‍ തിരിയുമ്പോള്‍ ഓര്‍ത്തു, എട്ടു വര്‍ഷം, എട്ടു വര്‍ഷം കൊണ്ട്‌ എന്തൊക്കെ മാറ്റങ്ങള്‍, ഇതാണൊ എന്റെ നാട്‌ ? റോഡിനിരുവശവും വലിയ വലിയ flat കള്‍, ചീറിപ്പായുന്ന വാഹനങ്ങള്‍, super market കള്‍. കാറിന്റെ മുന്‍സീറ്റില്‍ ഇരുന്ന് ഏട്ടന്‍ പറഞ്ഞു, നിന്റെ മനസ്സിലുള്ള നാടിന്റെ ചിത്രം ആകില്ല ഇത്‌, എല്ലാം ഒത്തിരി മാറി. നാടും, നാട്ടാരും. അല്ല, അവരൊടൊക്കെ മാറരുതെന്നു പറയാന്‍ നമുക്കും ഇല്ലല്ലൊ അവകാശം, നമ്മളും എത്രയോ മാറിയിരിക്കണു.

Tiles ഇട്ട തറവാടിന്റെ പടികള്‍ കയറുമ്പോ, കണ്ണുനിറഞ്ഞു, കാലുകള്‍ വിറച്ചു, ഒട്ടും പരിചയം ഇല്ലാത്ത ഒരു ലോകത്ത്‌ എത്തിയപോലെ. നിറഞ്ഞ കണ്ണുകള്‍ ആരും കാണാതിരിക്കാന്‍ വെറുതെ ജനലിലൂടെ ആകാശത്തേക്കു നോക്കി നിന്നു, അകത്തു കല്ല്യാണി cartoon network നു വേണ്ടി ടിവി ചാനലുകള്‍ മാറ്റികൊണ്ടിരുന്നു...

സ്നേഹപൂര്‍വ്വം...

10 comments:

anwer said...

ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിനിടയില്‍ പറിച്ചു മാറ്റപ്പെടുന്ന വേരുകളെ കുറിച്ചോര്‍ത്ത്‌ നൊമ്പരപ്പെടുന്നവര്‍ക്ക്‌ ...

സ്നേഹപൂര്‍വ്വം...

വല്യമ്മായി said...

നന്നായി എഴുതിയിരിക്കുന്നു.

സഞ്ചാരി said...

കഥയുടെ ഇടവഴിലുടെ അതിലെ ഒരു കഥാപാത്രമായി വായനക്കാരനെയും കൈപിടിച്ചു കൂടെനട്ത്തിക്കുന്ന അനുഭവം.
ഇതിനുമുന്‍പെഴുതിയതുകൂടി പോസ്റ്റ് ചെയ്യുമല്ലൊ?
അഭിനന്ദന‌ങ്ങള്‍.

anwer said...

വല്യമ്മായി, സഞ്ചാരി , കഥ വായിച്ച്‌ അഭിപ്രായം പറഞ്ഞതിനു നന്ദി...

പിന്നെ സഞ്ചാരി, ഇതിനുമുന്‍പെഴുതിയതെന്നു ഉദ്ദേശ്ശിച്ചത്‌ എന്താണെന്നു മനസ്സിലായില്ല .. :)

റീനി said...

ANWER നന്നായി എഴുതിയിരിക്കുന്നു. നമ്മള്‍ പറിച്ചു മാറ്റപ്പെട്ട മരങ്ങള്‍ അല്ലേ? പറിച്ചു മാറ്റലിനിടയില്‍ തായ്‌വേരിന്റെ ഒരംശം ഇപ്പോഴും നാട്ടിലെ മണ്ണില്‍ അവശേഷിക്കുന്നു. വേരുകള്‍ പരിപൂര്‍ണ്ണമായി നഷ്ട്ടപ്പെടുന്നില്ല.

anwer said...

നന്ദി റീനി... നമ്മളൊക്കെ നാട്ടില്‍ നിന്നും വരുന്ന flight take off ചെയ്യുമ്പോള്‍ അനുഭവപ്പെടുന്ന ഒരു നഷ്ടബോധം ഉണ്ടല്ലോ.. അവിടെ നിന്നാണു ഈ കഥയുടെ തുടക്കം.. ഇനി എന്നാണു ഒരു തിരിച്ചു വരവ്‌ എന്നറിയാതെ.. പ്രിയപെട്ടതെല്ലാം അവിടെ ഉപേക്ഷിച്ച്‌.....അതൊരു വല്ലാത്ത അനുഭവം തന്നെയാണ്‌...

ഇത്തിരിവെട്ടം|Ithiri said...

അന്‍‌വര്‍ നന്നയിരിക്കുന്നു. പ്രാവസിയുടെ വേദനയും വ്യഥകളും മനോഹരമായി വരച്ചുകാണിക്കുന്ന വരികള്‍. ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയില്‍ എവിടെയോ വെച്ച് തല്‍കാലം മറക്കേണ്ടി വന്ന വ്യക്തികളും ബന്ധങ്ങളും...

അസ്സലായി... ഇനിയും പ്രതീക്ഷിക്കുന്നു

anwer said...

നന്ദി.. ഇത്തിരിവെട്ടം.. ഇതാദ്യമായാണ്‌ പ്രണയം ഇല്ലാത്ത ഒരു കഥ എഴുതുന്നത്‌ .. അടുത്തത്‌ after a short break .എന്റെ ബോസ്സ്‌ ബ്ലോഗ്‌ വായിച്ചു എന്നു തോന്നുന്നു.. എനിക്കു പണി കിട്ടി തുടങ്ങി....

ഉത്സവം : Ulsavam said...

പ്രിയ സ്നേഹിതാ,
കൊള്ളാം നല്ല കഥകള്‍ഇഷ്ടമായി.. കുക്കിംഗ്‌ കഥകള്‍ എനിക്കു ഇഷ്ടപ്പെട്ടു.
എനിക്കും പാചകത്തിണ്റ്റെ ഇത്തിരി അസ്കിത ഉണ്ടേ..
ഇനിയും എഴുതുക ജപ്പാന്‍ വിശേഷങ്ങള്‍...

സുധി അറയ്ക്കൽ said...

നല്ല കഥ !!നന്നായി ഇഷ്ടമായി!