Tuesday, January 09, 2007

ദാസപ്പന്റെ ചോറ്റു പാത്രം... ( സംഭവ കഥ )

ദാസപ്പനെ ഞാന്‍ ആദ്യമായി കാണുന്നത്‌ അഞ്ചാം ക്ലാസ്സില്‍ പുതിയ സ്കൂളില്‍ ചേരാന്‍ അഡ്മിഷനു വേണ്ടി കാത്തു നില്‍ക്കുമ്പോഴാണ്‌, ഞാനും എന്റെ ഉമ്മയും മുന്‍പില്‍, അതിനു പിന്നില്‍
ദാസ്സപ്പനും അവന്റെ അമ്മയും. ആദ്യം അമ്മമാര്‍ തമ്മില്‍ പരിചയപ്പെട്ടു, പിന്നെ ഞങ്ങളെ പരിചയപ്പെടുത്തി തന്നു. ദാസപ്പന്റെ അമ്മ ഞങ്ങളോട്‌ പറഞ്ഞു, "ഇനി എപ്പോഴും നിങ്ങള്‍
നല്ല കൂട്ടുകാരായിരിക്കണം".

അങ്ങിനെ, ഇണങ്ങിയും, പിണങ്ങിയും കൂട്ടു കൂടിയും ഞങ്ങള്‍ പത്തു ക്ലാസ്സു പഠിച്ചു, ഇനി എന്തു പഠിക്കണം എന്ന് കണ്‍ഫൂഷന്‍ അടിച്ചിരിക്കുമ്പോഴാണ്‌, സര്‍ക്കാര്‍ ഒരു ഡയലോഗടിച്ചത്‌.
“ഡേ..പിള്ളാര്‍സ്സ്‌... ഞങ്ങള്‍ ദേ... പ്രീ ഡിഗ്രി നിര്‍ത്താന്‍ പോകുന്നു...തീരുന്നതിനുമുന്‍പേ വേണമെങ്കില്‍ പഠിച്ചിട്ടു പൊയ്ക്കൊ... “. അങ്ങിനെ മുന്നിലും പിന്നിലുമായി ഞാനും ദാസപ്പനും
വീണ്ടും വരിനിന്നു( ഞങ്ങള്‍ വരിയുടെ മുന്നില്‍ എത്തുമ്പോഴേക്കും പ്രീ-ഡിഗ്രീ തീര്‍ന്നു പോകുമൊ എന്നായിരുന്നു ഞങ്ങളുടെ പേടി - അത്രക്ക്‌ കൂടുതല്‍ ആയിരുന്നു മറ്റുള്ളവരുടെ
മാര്‍ക്കുകള്‍ ).

ഇനി ചോറ്റുപാത്രത്തെ കുറിച്ച്‌ രണ്ടു വാക്ക്‌...

ഈ പാത്രത്തിന്‌ എടുത്തു പറയത്തക്ക പ്രത്യേകതകള്‍ ഒന്നും ഇല്ല. എന്റേയോ, ദാസപ്പന്റേയോ ജീവിതത്തില്‍ ഒരു മാറ്റവും ഈ ചോറ്റുപാത്രം ഉണ്ടാക്കിയിട്ടുമില്ല. ദിവസ്സവും ചോറ്‌
കൊണ്ടുവരുന്ന ചുരുക്കം ചിലര്‍ എന്ന നിലയില്‍ ദാസപ്പന്റെ ചോറ്റുപാത്രം ഞങ്ങളുടെ കണ്ണിലുണ്ണി ആയിരുന്നു. ലഞ്ച്‌ ബ്രേക്കിനു മുന്‍പുള്ള ക്ലാസുകളില്‍ ഞങ്ങള്‍ “ജനലിനരികിലിരിക്കുന്ന“ ആ പാത്രത്തെ നോക്കി. ഇന്നു എന്തായിരിക്കും കറിയെന്ന് പ്രവചിച്ചു കളിക്കുമായിരുന്നു( ഉത്തരം എളുപ്പമാണ്, ഒന്നുങ്കില്‍ മുട്ടക്കറി അല്ലേ, കടലക്കറി).

അങ്ങിനെ ഒരു വെള്ളിയാഴ്ച അതു സംഭവിച്ചു...കോളേജില്‍ നിന്നും നൂണ്‍-ഷോക്ക്‌ പോകുന്ന തിരക്കില്‍ ദാസപ്പന്‍ ചോറ്റു പാത്രം എടുക്കാന്‍ മറന്നു. മിനി മുഗളിലെ ഏറ്റവും കുറഞ്ഞ
ടിക്കറ്റില്‍ ആകാശത്തേക്ക് നോക്കിയിരുന്നു ആറാം തമ്പുരാന്‍ ആറാം പ്രാവശ്യവും കാണുമ്പോള്‍ ആരും ദാസപ്പന്റെ ചോറ്റുപാത്രത്തേക്കുറിച്ചോര്‍ത്തില്ല. “സംഗീതം...അറിയുന്തോറും
അകലം കൂടുന്ന മഹാസാഗരം...” എന്നു മോഹന്‍ലാല്‍ പറഞ്ഞു തുടങ്ങിയപ്പോഴാണു ദാസപ്പന്‍ തന്റെ ചോറ്റു പാത്രത്തെകുറിച്ചോര്‍ത്തത്. ദാസപ്പന്‍ വലതു വശത്തിരുന്നവനെ തോണ്ടി
വിളിച്ചു, “ ഡാ ഞാന്‍ ചോറെടുക്കാന്‍ മറന്നു “. മോഹന്‍ലാലിനു ഹിന്ദി ഡയലോഗ് ( സഫറോം കീ... ) പറഞ്ഞു കൊടുത്തു കൊണ്ടിരുന്ന അവന്‍ ദാസപ്പന്റെ കൈ തട്ടിമാറ്റി...ദാസപ്പന്‍
ഇടത്തേക്ക് ഇന്റിക്കേറ്ററിട്ടു. “ ഡാ ഞാന്‍ ചോറെടുക്കാന്‍ മറന്നു “, ദാസപ്പന്റെ ഇടത്തിരുന്നവന്‍ പറഞ്ഞു “ ആ..കുഴപ്പമില്ല, ഞാന്‍ വീട്ടീന്നു കഴിച്ചോളാം”.

തിരിച്ചു വീട്ടിലേക്കു പോകുമ്പോള്‍ ഞാന്‍ ദാസപ്പനെ സമാധാനിപ്പിച്ചു, നീ പേടിക്കേണ്ട ചിലപ്പോ അതു അവിടെ തന്നെ കാണും, അല്ലേ ആരെങ്കിലും ഓഫീസില്‍ എടുത്തു വച്ചിട്ടുണ്ടാകും,
നമുക്കു തിങ്കളാഴ്ച അത് എടുക്കാം, നീയൊരു കാര്യം ചെയ്യൂ, തിങ്കളാഴ്ച വാഴയിലയില്‍ ചോറു കൊണ്ടു വന്നാമതി.

തിങ്കളാഴ്ച
----
ക്ലാസ് റൂമിലേക്ക് കയറിയ ദാസപ്പന്‍ ആദ്യം നോക്കിയതു ജനലിനരികിലേക്കായിരുന്നു...അതാ അവിടെയിരിക്കുന്നു ദാസപ്പന്റെ പാത്രം...രണ്ടു ദിവസ്സം കൊണ്ട് ഒരു പരുവം ആയ
മുട്ടക്കറിയുടെ സുഗന്ധംകിട്ടണ്ട എന്നു കരുതി ദാസപ്പന്‍ ശ്വാസം പിടിച്ച്, തലതിരിച്ച്, പാത്രം തുറന്ന് ചോറും കറിയുമെല്ലാം ജനാലയിലൂടെ പുറത്തേക്കിട്ടു.... ഒരു നിമിഷം...ദാസപ്പന്‍ ഒന്നു പതറി; ചോറിന്റെ ചൂടിതുവരെ ആറിയില്ലേ ? പാത്രത്തിനു നല്ല ചൂട്, ദാസപ്പന്‍ പാത്രം തിരിച്ചും മറിച്ചും നോക്കി...അയ്യോ ഇതെന്റെ പാത്രമല്ലല്ലോ...ചുറ്റും നോക്കി, ഒന്നും മിണ്ടാതെ, പാത്രം അടച്ച് ഇരുന്നിടത്തു തന്നെ വെച്ച് ദാസപ്പന്‍ മെല്ലെ ബഞ്ചില്‍ വന്നിരുന്നു...

ഉച്ചക്ക്
----
ദാസപ്പന്റെ വാഴയിലയില്‍ കൈയിട്ടു വാരുമ്പോള്‍ ജനാലക്കരികില്‍, ഒഴിഞ്ഞ പാത്രവുമായി കണ്‍ഫ്യൂഷന്‍ അടിച്ചു നിന്ന ആ പാവം പെണ്‍കുട്ടിയെ ആരും കണ്ടില്ലെന്നു നടിച്ചു...ഞാനും...