രണ്ടാമത്തെ പാമ്പിനേയും പിടിച്ച് കൂടയില്‍ ഇട്ടശേഷം വേലായുധന് തന്റെ നിരാശ കാണികളെ അറിയിച്ചു. "ഞാന്‍ വിചാരിച്ച അത്ര പോര..വെറും ചേരയാണ്"...വേലായുധന്റെ നിരാശയില്‍ നിന്നും കിട്ടിയ ധൈരത്തില്‍ കൂടക്കരികിലേക്കു വന്ന എന്നോടായി വേലായുധന് പറഞ്ഞു " ചേരയാണങ്കിലും കടിക്കൂട്ടൊ..."
എങ്കിലും വേലായുധന് കൂട തുറന്നു കാണിച്ചു..വാടിയ ചേമ്പിന് തണ്ടു പോലെ മഞ്ഞകളറില്‍ രണ്ടു പാമ്പുകള്‍...വേലായുധന് അടുത്തുണ്ടായിരുന്നതുകൊണ്ടോ എന്തോ...ഒട്ടും പേടിതോന്നിയില്ല എന്നു മാത്രമല്ല, ഒന്നു തോട്ടുനോക്കിയാല്‍ കൊള്ളാം എന്നു വരെ തോന്നി.
വേലായുധന് ഈ പാമ്പിനെ എന്താ ചെയ്യാ?... ചോദിച്ചതു സാവിത്രിയാണ്... അരുതാത്തതെന്തൊ കേട്ടതു പോലെ വേലായുധന് സാവിത്രിയെ മിഴിച്ചു നോക്കി... പാമ്പിന് കൂട തോളത്തിട്ട് വേലായുധന് പിറുപിറുത്തു... വേറെ എന്തു ചെയ്യാനാണ് കൊന്നു കളയും..അത്ര തന്നെ.. പാമ്പു വര്‍ഗ്ഗത്തോടുതന്നെ വേലായുധനുള്ള വിധ്വേഷം ആ വാക്കുകളില്‍ നിറഞ്ഞുനിന്നു..
ഇന്നു മുതല്‍ കുട്ടികള്‍ പറമ്പില്‍ കളിക്കുന്നതു തല്‍ക്കാലത്തേക്ക് നിര്‍ത്തലാക്കി കൊണ്ടുള്ള അച്ഛന്റെ ഉത്തരവു സാവിത്രി അപ്പോള്‍ തന്നെ വിളമ്പരം ചെയ്തു. കൂട്ടത്തില്‍ മൂത്തവളായതു കൊണ്ടും, ഈ പാമ്പു പിടുത്തത്തില്‍ അവള് ഒരു പ്രധാന പങ്കു വഹിച്ചിട്ടുള്ളതു കൊണ്ടും, ഞങ്ങള്‍ ആരെങ്കിലും പറമ്പില്‍ കയറുന്നുണ്ടൊ എന്നു കൂടി നോക്കാന്‍ അച്ഛന് അവളെയാണു ഏല്‍പ്പിച്ചത്. അതോടെ അവളുടെ അധികാര ഭാവം ഒന്നുകൂടെ കൂടി. ചേച്ചിയാണന്നുള്ള ഹുങ്കാണവള്ക്ക്, സ്ക്കൂളില്‍ പോകുമ്പോള്‍ അമ്പലപ്പറമ്പിലൂടെ ഒന്നു തിരിഞ്ഞു പോകാം എന്നു പറഞ്ഞാല്‍ കേട്ടഭാവം പോലും നടിക്കില്ല. നീലാണ്ടനെ അവള്‍ക്കു പേടിയാണത്രെ...എന്നാ അതൊന്നു സമ്മതിച്ചു തരുമോ..അതും ഇല്ല...അമ്മയോടു പറഞ്ഞ് ടി.വി യുടെ സ്വിച്ച് ഓണ്‍ ചെയ്യിക്കാനും, അച്ഛന്റെ കയ്യില്‍ നിന്നും കാശുകുടുക്കയില്‍ ഇടാന്‍ കാശ്ശു വാങ്ങാനും ഞാന്‍ വേണം...ഇനി ഇങ്ങോട്ടു വരട്ടേ...ചിത്രഗീതം... സിനിമ... എന്നൊക്കെ പറഞ്ഞ്...അഞ്ചു പൈസ്സ വാങ്ങി കൊടുക്കില്ല, സ്വന്തമായി ഒരു കാശ്ശുകുടുക്ക സംഘടിപ്പിക്കണം...
കുറച്ചു നേരം അച്ഛനെ ചുറ്റിപറ്റി നടന്നു..അച്ഛന് പത്രത്തില്‍ നിന്നും കണ്ണെടുക്കുന്നില്ല...അമ്മ അടുക്കളയില്‍ തിരക്കിട്ട പണിയാണ്... അച്ഛന് വീട്ടില്‍ ഉണ്ടങ്കില്‍ അമ്മ അങ്ങിനെയാണ്, ഞങ്ങളെ ശ്രദ്ധിക്കുക പോലും ഇല്ല...സാവിത്രിയെ അവിടെയെന്നും കണ്ടില്ല...ആരും ശ്രദ്ധിക്കുന്നില്ല എന്നു കണ്ടപ്പോള്‍...ഞാന്‍ മെല്ലെ പറമ്പിലേക്കിറങ്ങി..വേലായുധന് കൊല്ലാന്‍ കൊണ്ടുപോയ പാമ്പുകളെ കുറിച്ചു ഓര്‍ത്തപ്പോള്‍ ഒരു വിഷമം തോന്നി... എങ്കിലും...ധൈര്യത്തിന് ഒരു വടിയും എടുത്ത് പാമ്പുകളെ കണ്ട സ്ഥലത്തേക്കു നടന്നു. കൈയ്യില്‍ ഇരുന്ന വടികൊണ്ടു മെല്ലെ കരിയിലകള്‍ മാറ്റി നോക്കിയപോഴാണു കണ്ടത്, ഒരു കൊച്ചു പാമ്പ്, ഓടി ഒളിക്കാന്‍ പോലും ശക്തി ഇല്ലാതെ.. ആരും കാണാതെ...ഇലകള്‍ക്കിടയില്‍...കയ്യില്‍ ഇരുന്ന വടിക്കു പാമ്പിനേക്കാള്‍ നീളം ഉണ്ടന്ന ധൈര്യത്തില്‍ മെല്ലെ അടുത്തു ചെന്നു..ചത്തു പോയിരിക്കുമൊ ? ഇല്ല...വാല് അനങ്ങുന്നുണ്ട്..പാവം...വേലായുധന്റെ കയ്യില്‍നിന്നും രക്ഷപ്പെട്ട് ആരും കാണാതെ ഒളിച്ചിരിക്കുകയാകും...പാമ്പിനെ കണ്ടകാര്യം അച്ഛനോട് പറയാന്‍ ഓടുമ്പോള്‍ ഓര്‍ത്തു...വേലായുധന് ഇനിയും വരും...ഈ പാമ്പിനേയും കൊന്നുകളയും...
പറമ്പില്‍ ഒരു കാക്ക കരഞ്ഞു... പറമ്പിലേക്കു തിരിച്ചു നടക്കുമ്പോള്‍ ഒട്ടും പേടി തോന്നിയില്ല... വിറകുപുരയില്‍ നിന്നും ഒഴിഞ്ഞ ഹോര്‍ലിക്സ് കുപ്പി എടുക്കുമ്പോള്‍ ആരും കാണാതിരിക്കാന്‍ ശ്രദ്ധിച്ചു..വാലു മാത്രം അനക്കി തളര്‍ന്നുകിടക്കുന്ന പാമ്പിന് കുഞ്ഞിനെ വടികൊണ്ടു തോണ്ടി കുപ്പിയില്‍ ആക്കുമ്പൊള്‍ ആരും അറിയാതെ ഇതിനെ എവിടെ ഒളിപ്പിക്കും എന്നാണു ആലോചിച്ചത്. വിറകു പുരയുടെ പിന്നില്‍ കുപ്പി ഒളിപ്പിച്ച് തിരിച്ച് വരുമ്പോള്‍ സാവിത്രി ഓടിവന്നു... “എടാ ചെക്കാ... നിന്നോടല്ലെ പറഞ്ഞതു പറമ്പില്‍ പോകരുതെന്ന്...“ . അപ്പോള്‍ തന്നേ അവള്‍ക്കു മറുപടി കൊടുത്തു...” എന്നെ ചെക്കാന്നു വിളിക്കേണ്ടാ ...”.താടിക്കിട്ട് ഒരു തോണ്ടു തന്നിട്ട് അവള് ഓടിവീട്ടില്‍ കയറി... സാധാരണ പോലെ ആയിരുന്നെങ്കില്‍ ഇപ്പോകാണാമായിരുന്നു...അവിടെതന്നെ നിന്ന് തോണ്ട കീറി ഒന്നു നിലവിളിച്ചാല്‍ മതി..ബാക്കി അമ്മ നോക്കിക്കോളും...ഇന്നിപ്പോ ഒന്നിനും സമയം ഇല്ല..ഇരുട്ടാകുന്നു...കുപ്പിക്കകത്തുകിടക്കുന്ന പാമ്പിന് കുഞ്ഞിനെ എങ്ങിനെയെങ്കിലും നാളെ സ്ക്കുളില് കൊണ്ടു പോകണം...പറഞ്ഞാല്‍ ഗോപന് വിശ്വസിക്കില്ല...വിനു പിന്നേയും വിശ്വസിക്കും...അവരോടുകൂടെ ആലോചിച്ചു വേണം ഇതിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്താന്‍...
രാത്രി അമ്മ അച്ഛനോടു പറയുന്നതു കേട്ടു...“അല്ലങ്കില്‍ സന്ധ്യയാകുമ്പോഴേ ഉറങ്ങുന്ന ചെക്കനാണു ഇന്നിപ്പോ എന്തു പറ്റിയോ ആവോ...ഒരു അനക്കവും ഇല്ലാല്ലോ...“അമ്മ വിറകുപുരയിലേക്കു കയറിയപ്പോള്‍ ഒക്കെ കൂടെ ചെന്നു...കുപ്പി അവിടെ തന്നെ ഭദ്രമാണെന്നു ഉറപ്പുവരുത്തി... പാവം വിശക്കുന്നുണ്ടാകും...അമ്മയുടെ മടിയില്‍ കിടന്നു ടി.വി കാണുമ്പോള്‍ മനസ്സുനിറയേ പാമ്പിന് കുഞ്ഞായിരുന്നു...സാവിത്രി ചോദിച്ചു ഈ ചെക്കനു ഇതെന്തു പറ്റി......” എന്നെ ചെക്കാന്നു വിളിക്കേണ്ടാ“ ... എപ്പോഴോ ഉറങ്ങി...എന്തൊക്കെയോ സ്വപ്നം കണ്ടു...ഹോര്‍ലിക്സ് കുപ്പിയിലെ എന്റെ പാമ്പിന് കുഞ്ഞ്...ചോര വാര്‍ക്കുന്ന കണ്ണുകളുമായി വേലായുധന്...
പറമ്പില്‍ ഒരു കൂട്ടം കാക്കകള്‍ കരയുന്നതു കേട്ടാണ് ഉണര്‍ന്നത്...നേരെ വിറകുപുരയിലേക്കോടി...ഹോര്‍ലിക്സ് കുപ്പി അവിടെതന്നെ ഉണ്ടായിരുന്നു..പക്ഷേ അതിനുള്ളിലെ പാമ്പിന് കുഞ്ഞ് ...അതിനെ മാത്രം അവിടെയെങ്ങും കണ്ടില്ല... കുപ്പിയുടെ അടപ്പു തുറന്നിട്ടുമുണ്ടായിരുന്നില്ല...അടപ്പുതുറക്കാതെ പാമ്പ് എങ്ങോട്ടുപോയി എന്നു മനസ്സിലാകാതെ പറമ്പിലേക്കു നടന്നു...അവിടെ പുല്ലും കാടും വെട്ടിതെളിക്കുന്ന പണിക്കാരുടെ പിന്നില്‍, അച്ഛന്റെ കൈപിടിച്ച് സാവിത്രി നില്‍ക്കുനുണ്ടായിരുന്നു...എന്നെ കണ്ടപ്പോള്‍ , അച്ചന് പണിക്കാരോടു പറഞ്ഞു...ഇനി ഒരു പാമ്പെന്ങ്ങാന് വന്നാലും പേടിക്കേണ്ടല്ലോ? നമുക്കും ഇല്ലേ സ്വന്തമായി ഒരു പാമ്പു വേലായുധന്...
തിരിച്ചു നടക്കുമ്പോള്‍ സാവിത്രി പുറകേകൂടി... കളിയാക്കാന്‍ ആണെന്നുറപ്പ്...”ഡാ ചെക്കാ...നീ ആളുകൊള്ളാമല്ലോ...” , “ന്നെ ചെക്കാന്നു വിളിക്കേണ്ടാ ...”, എന്നാ നിന്നെ “വേലായുധാ“ന്നു വിളിക്കാം ..“പാമ്പു വേലായുധന്...“ അയ്യേ..പാമ്പു വേലായുധന്...
സങ്കടം സഹിക്കാന്‍ പറ്റുന്നില്ല...ചുണ്ടുകള്‍ വിതുമ്പി ... കണ്ണുകള്‍ നിറഞ്ഞു... ഒരു അലറിക്കരച്ചിലിനു തയ്യാറാവുമ്പോള്‍ പണിക്കാരന് പറയുന്നതു കേട്ടു... എന്നാലും ഇവിടുത്തെ കുട്ടന്റെ ധൈര്യം സമ്മതിക്കണം...കണ്ണുകള്‍ തുടച്ചു വീട്ടിലേക്കു കയറുമ്പോള്‍ സമാധാനത്തൊടെ ഓര്‍ത്തു.. എന്തായാലും വേലായുധന് വന്നില്ലല്ലോ...
Tuesday, October 03, 2006
Subscribe to:
Posts (Atom)